കള്ളവോട്ടിൽ പഞ്ചായത്തംഗത്തെ അയോഗ്യയാക്കാൻ വകുപ്പില്ല: മീണയുടെ ശുപാർശ തള്ളി സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷൻ

single-img
6 May 2019

കാസർകോട് ലോക്സഭാ മണ്ഡലത്തിലെ പിലാത്തറയിൽ കള്ളവോട്ട് ചെയ്തെന്ന് കണ്ടെത്തിയ ചെറുതാഴം പ‍ഞ്ചായത്തംഗം എം പി സലീനയെ അയോഗ്യയാക്കില്ല.

പദവിയിൽ നിന്ന് അയോഗ്യയാക്കണമെന്ന് കാണിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നൽകിയ ശുപാർശ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. വിദേശത്ത് ആയിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്ത് തിരിച്ചെത്തിയ ശേഷമാണ് മറുപടി നല്‍കിയത്.

ഇത്തരമൊരു ശുപാര്‍ശ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ അധികാര പരിധിയിൽ വരുന്നതല്ലെന്ന കണ്ടെത്തലോടെയാണ് ടിക്കാറാം മീണയുടെ നടപടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത്. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ചട്ടപ്രകാരം ഒരംഗത്തെ അയോഗ്യനാക്കണമെങ്കില്‍ ആ അംഗത്തെ കോടതി ശിക്ഷിക്കുകയോ അംഗത്തിനെതിരെ അവരെ മറ്റാരെങ്കിലും പരാതി നല്‍കുകയോ വേണം. അത്തരം നടപടി ഇവിടെ ഉണ്ടായിട്ടില്ലെന്നും മറുപടിയില്‍ പറയുന്നു.

സലീന കള്ളവോട്ടു ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ ഇടപെടലുണ്ടായത്. ഇതോടെ അവരെ പദവിയില്‍ നിന്ന് അയോഗ്യയാക്കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ കമ്മീഷന് നല്‍കിയ ശിപാര്‍ശയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, താൻ പഞ്ചായത്തംഗത്തെ അയോഗ്യയാക്കണമെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യതെര‍ഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകി. ‘അയോഗ്യത’ എന്ന വാക്ക് തന്‍റെ ശുപാർശയിലില്ല. ഉചിതമായ നടപടി എന്ന് മാത്രമാണ് താൻ പറഞ്ഞതെന്നും കള്ളവോട്ട് സംഭവം ശ്രദ്ധയിൽ പെടുത്തുക മാത്രമാണ് ചെയ്തതെന്നും മീണ വ്യക്തമാക്കി. ഇതിൽ വിവാദത്തിന്‍റെ കാര്യമില്ലെന്നും അന്തിമതീരുമാനം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റേത് തന്നെയാണെന്നും മീണ വ്യക്തമാക്കി. 

പിലാത്തറ പത്തൊൻപതാം നമ്പര്‍ ബൂത്തിൽ കള്ളവോട്ട് നടന്നതിന് തെളിവുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വാർത്താ സമ്മേളനം നടത്തി പറഞ്ഞിരുന്നു. പത്മിനി, സെലീന, സുമയ്യ എന്നിവര്‍ കള്ളവോട്ട് ചെയ്തെന്ന് ടിക്കാറാം മീണ സ്ഥിരീകരിച്ചു.