പെരിയ ഇരട്ടക്കൊല: കുഞ്ഞിരാമൻ എംഎൽഎ ഉൾപ്പെടെ 4 സിപിഎം നേതാക്കളുടെ മൊഴിയെടുത്തു

single-img
6 May 2019

പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ വെട്ടേറ്റുമരിച്ച സംഭവത്തിൽ ഉദുമ എംഎൽഎ കെ. കുഞ്ഞിരാമൻ ഉൾപ്പെടെ നാലു പേരെ പൊലീസ് ചോദ്യം ചെയ്തു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണു മുതിർന്ന സിപിഎം നേതാക്കളുടെ മൊഴിയെടുത്തത്. കെ. കുഞ്ഞിരാമനു പുറമേ ഉദുമ മുൻ എംഎൽഎ കെ.വി. കുഞ്ഞിരാമനും മൊഴി നൽകിയിട്ടുണ്ട്.

കൊലപ്പെട്ട ശരത് ലാലിന്‍റേയും കൃപേഷിന്‍റേയും കുടുംബാംഗങ്ങളും കോണ്‍ഗ്രസ് നേതൃത്വവും തുടക്കം മുതൽ തന്നെ സിപിഎം ഉന്നതനേതാക്കള്‍ക്ക് ഇരട്ടക്കൊലയില്‍ പങ്കുണ്ടെന്ന് ആരോപിക്കുന്നുണ്ട്. പെരിയ ഇരട്ടക്കൊല നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ശരത് ലാലിന്‍റെ വീടിന് അടുത്ത് നടന്ന സിപിഎം പൊതുയോഗത്തില്‍ വിപിപി മുസ്തഫ ഭീഷണി മുഴക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു.  

അതേസമയം പെരിയ ഇരട്ടക്കൊല കേസിന്‍റെ അന്വേഷണം അവസാനഘട്ടത്തിലേക്ക് കടന്നതായി ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ സൂചിപ്പിച്ചു. കുറ്റപത്രം ഉടനെ തന്നെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും എന്നാണ് വിവരം.

കഴിഞ്ഞ ഫെബ്രുവരി 17നു രാത്രിയാണു പെരിയയില്‍വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്‍ലാൽ എന്നിവര്‍ വെട്ടേറ്റുമരിക്കുന്നത്. കേസിൽ സിപിഎമ്മിന്റെ ഉന്നത നേതാക്കൾ ഉൾപ്പെട്ടതായി തെളിവില്ലെന്നു സംസ്ഥാന സർക്കാർ നേരത്തേ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. കൊലപാതകം പീതാംബരൻ സ്വന്തം നിലയിൽ ആസൂത്രണം ചെയ്തു നടപ്പാക്കിയതാണെന്നാണു സർക്കാർ നിലപാട്. പീതാംബരനു പുറമേ സജി സി. ജോർജ്, സുരേഷ്, അനിൽകുമാർ, ജിജിൻ, ശ്രീരാഗ്, അശ്വിൻ, സുബീഷ്, മുരളി, രഞ്ജിത്, പ്രദീപൻ എന്നിവരാണ് രണ്ടു മുതൽ 11 വരെ പ്രതികൾ.