നൈഷ്ഠിക ബ്രഹ്മചാരിയെ അപമാനിച്ചതിന് തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി അനുഭവിക്കും: പിസി ജോർജ്ജ്

single-img
6 May 2019

തൃശൂര്‍: നൈഷ്ഠിക ബ്രഹ്മചാരിയെ അപമാനിച്ചതിനുള്ള ഫലം തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി അനുഭവിക്കുമെന്ന് പി സി ജോര്‍ജ് എംഎല്‍എ. പിണറായി വിജയന് അക്കാര്യം മനസിലായിട്ടുണ്ടെന്നും പി സി ജോര്‍ജ് പറഞ്ഞു.

തൃശൂര്‍ പൂരത്തിൽ നിന്നും തെച്ചിക്കോട്ട് രാമചന്ദ്രനെ വിലക്കിക്കൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി സി ജോര്‍ജ്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബിജെപി വിജയിച്ചു കഴിഞ്ഞു. തൃശൂരിലും അട്ടിമറി വിജയം പ്രതീക്ഷിക്കാമെന്നും പി സി ജോര്‍ജ് പറഞ്ഞു.  ലോകസഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ പിണറായി വിജയന്‍ ധാര്‍മ്മികത മുന്‍നിര്‍ത്തി മുഖ്യമന്ത്രി പദം രാജിവയ്‌ക്കേണ്ടിവരുമെന്നും പി സി ജോര്‍ജ് പറഞ്ഞു.

പൂരം നടത്തിപ്പിനു നേരേയുള്ള കടുത്ത നിയന്ത്രണങ്ങൾ മനുഷ്യന്റെ ഒരു സംസ്കാരത്തെത്തന്നെയാണ് ഇല്ലാതാക്കാൻ നോക്കുന്നത്. ആനകളെ ഇല്ലാതാക്കി ആചാരങ്ങളെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തെച്ചികോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതെന്ന് അദ്ദേഹം പറഞ്ഞു. പ്രശസ്തമായ ആറാട്ടുപുഴ പൂരത്തിന്റെ പ്രൌഢിയെപ്പോലും നിയന്ത്രണങ്ങൾ ബാധിച്ചു.അതിനുപിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്നും വിശ്വാസികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ജോര്‍ജ് പറഞ്ഞു.

 തൃശൂര്‍ പൂരത്തിന്‍റെ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്നും പി സി ജോര്‍ജ് വ്യക്തമാക്കി. ബിജെപി ജില്ലാ പ്രസിഡന്‍റ് എ നാഗേഷ്, സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഫോട്ടോ കടപ്പാട്: ജനം ടിവി