നിപയ്ക്ക് പ്രതിരോധ വാക്‌സിന്‍ കണ്ടെത്തിയെന്ന് അമേരിക്കയിലെ ഗവേഷകർ: സംഘത്തിൽ ഒരുമലയാളി ഗവേഷകയും

single-img
6 May 2019

കേരളത്തെ ഭീതിയുടെ മുൾമുനയിൽനിർത്തിയ നിപാ വൈറസിനെ മെരുക്കാൻ വാക്സിൻ കണ്ടെത്തിയെന്ന അവകാശവുമായി ഗവേഷകർ. അമേരിക്കയിലെ ഫിലാഡൽഫിയ സർവ്വകലാശാല വാക്സിൻ സെന്ററിലെ ഗവേഷകരും തോമസ് ജെഫേഴ്സൺ സർവ്വകലാശാലയിലെയും ഗവേഷകരും ചേർന്നാണ് നിപാ വൈറസിനെതിരായ പ്രതിരോധ മരുന്ന് കണ്ടെത്തിയതായി അവകാശപ്പെടുന്നത്.

നിപ്രാബ്( NIPRAB) എന്നാണ് ഗവേഷകർ ഈ മരുന്നിനു പേരിട്ടിരിക്കുന്നത്. ഗവേഷക സംഘത്തില്‍ ഒരു മലയാളി വനിതയുമുണ്ടെന്നാണ് സൂചനകൾ. മുംബൈ മലയാളിയും ഫിലഡല്‍ഫിയ ജെഫേഴ്‌സണ്‍ വാക്‌സിന്‍ സെന്ററിലെ ഗവേഷകയുമായ ദൃശ്യ കുറുപ്പാണ് നിപ്പ പ്രതിരോധ വാക്സിന്‍ വികസിപ്പിച്ചെടുത്ത സംഘത്തിലുള്ളത്. സർവ്വകലാശാല പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിൽ ആറ് അമേരിക്കന്‍ ഗവേഷകര്‍ക്കൊപ്പം ദൃശ്യയുടെ പേരുമുണ്ട്.

നിപ്പയുടെ സമാന സ്വഭാവമുള്ള വൈറസുകളില്‍ നിന്നാണ് പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുത്തത്. ജീവനുള്ളതും ഇല്ലാത്തതുമായ നിപ്പ വൈറസുകളെ ഇതിനായി ഉപയോഗിച്ചു.

കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിപ്പ വൈറസ് ബാധയുണ്ടായപ്പോള്‍ ഓസ്‌ട്രേലിയന്‍ മരുന്നായ റിബാവൈറിന്‍ എത്തിക്കാന്‍ ശ്രമം നടത്തിയിരുന്നു.