ബംഗാളിൽ നിന്നും സിപിഎമ്മിനെ പുറത്താക്കാൻ കാരണമായ നന്ദിഗ്രാം മാറുന്നു; പഴയ പാർട്ടി ശക്തികേന്ദ്രത്തിൽ വർഷങ്ങൾക്കു ശേഷം സിപിഎം ഓഫീസ് തുറന്നു

single-img
6 May 2019

പശ്ചിമ ബംഗാളിൽ നിന്നും സിപിഎമ്മിനെ പുറത്താക്കാൻ കാരണമായ നന്ദിഗ്രാമിന്റെ മണ്ണിൽ വീണ്ടും പാർട്ടി ചുവടുറപ്പിക്കുന്നു. നന്ദിഗ്രാമിലെ പാർട്ടി ഓഫീസ് തുറന്നതിനു പിന്നാലെ പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിമിന്റെ നേതൃത്വത്തിൽ താലൂക്ക് മണ്ഡലത്തിലെ സി.പി.എം. സ്ഥാനാർഥി ഷേക്ക്‌ ഇബ്രാഹിം അലിയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയും നടത്തി. തൃണമൂൽ കോൺഗ്രസിനെതിരെ ശക്തമായ വികാരം അലയടിക്കുന്ന നന്ദിഗ്രാമിൽ സിപിഎമ്മിന്റെ തിരിച്ചുവരവിനാണ് ശനിയാഴ്ച സാക്ഷ്യം വഹിച്ചത്.

നന്ദിഗ്രാമിൽ അഞ്ചുവർഷം മുൻപത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു പ്രകടനം നടത്താൻ ആലോചിച്ചെങ്കിലും പാർട്ടിക്ക് സാധിച്ചിരുന്നില്ല. നന്ദിഗ്രാമിൽ നിന്ന് 25 കി.മീ. അകലെയുള്ള നന്ദകുമാർ എന്ന ടൗണിലാണ് അന്ന് സിപിഎം പ്രകടനം നടത്തിയത്. അതേ നന്ദിഗ്രാമിൽ ശനിയാഴ്ച ഇരുചക്രവാഹനങ്ങളടക്കം നാൽപ്പതോളം വണ്ടികളുമായി പൂർണമായും ഹൃദയഭൂമിയിലൂടെയാണ് റോഡ് ഷോ കടന്നുപോയത്. നന്ദിഗ്രാമിനടുത്തുള്ള തെങ്കുവയിൽ നിന്ന് തുടങ്ങി രണ്ട് മണിക്കൂറോളം നന്ദിഗ്രാം മേഖല പൂർണമായും ചുറ്റിയ ശേഷം ബസ് സ്റ്റാൻഡിന് സമീപം ഒരു യോഗവും കൂടിയാണ് റോഡ് ഷോ സമാപിച്ചത്.

ഏറെ നാളുകൾക്കുശേഷം നന്ദിഗ്രാമിലേക്കെത്തിയ ചുവപ്പുകൊടികളുടെ ഘോഷയാത്രയിൽ  മുഹമ്മദ് സലിമിനെക്കൂടാതെ മുതിർന്ന പാർട്ടി നേതാവ് രബീൺ ദേബും പങ്കെടുത്തു. ’’ഒരു ദിവസം കൊണ്ടൊന്നും ഒരു മാറ്റം വരുത്തുക എളുപ്പമല്ല. പക്ഷേ, നന്ദിഗ്രാമിലേക്ക് തിരിച്ചുവരാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. നന്ദിഗ്രാമിലെ പുതുതലമുറയിൽപ്പെട്ട ചെറുപ്പക്കാർക്ക് ഇത് ആദ്യാനുഭവമായിരിക്കും. പ്രവർത്തകർക്ക് ആത്മധൈര്യം പകരാനാണ് ഞാൻ ഉദ്ദേശിക്കുന്നത്’- മഹമ്മദ് സലീം പറഞ്ഞു.