പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസ അന്തരിച്ചു

single-img
6 May 2019

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസ അന്തരിച്ചു. 75 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കഴിഞ്ഞ രണ്ട് വര്‍ഷമായി ചികിത്സയിലായിരുന്നു. കണ്ണൂരിലെ വീട്ടില്‍ വച്ചായിരുന്നു മരണം. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അവസാനകാലത്ത് അദ്ദേഹത്തിന് ശബ്ദം നഷ്ടമായ അവസ്ഥയിലായിരുന്നു.

1940 മാര്‍ച്ച് 18നാണ് എരഞ്ഞോളി മൂസയുടെ ജനനം. എരഞ്ഞോളി വലിയകത്തെ ആസിയയുടെയും അബ്ദുവിന്റെയും മകനായ ഇദ്ദേഹം ‘വലിയകത്ത് മൂസ’ എന്നായിരുന്നു ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. ‘അരിമുല്ലപ്പൂമണം ഉള്ളോളെ അഴകിലേറ്റം ഗുണമുള്ളോളെ’ എന്നു തുടങ്ങുന്ന ഗാനത്തോടെയാണ് എരഞ്ഞോളി മൂസ പാട്ടുജീവിതം തുടങ്ങുന്നത്.

ഗ്രാമീണ കലാസമിതികളിലൂടെയാണ് അദ്ദേഹം വളര്‍ന്നത്. ശരത്ചന്ദ്ര മറാഠെയുടെ കീഴില്‍ രണ്ടുവര്‍ഷം സംഗീതവും പഠിച്ചു. മുന്നൂറിലേറെ തവണ ഗള്‍ഫ് രാജ്യങ്ങളില്‍ മാപ്പിളപ്പാട്ട് അവതരിപ്പിക്കാനും അവസരം ലഭിച്ചിട്ടുണ്ട്. എല്ലാ റമദാന്‍ മാസത്തിലും അറബ് രാജ്യങ്ങളില്‍ തന്റെ മാപ്പിളപാട്ടുകളുമായി ആസ്വാദകരുടെ പ്രിയപ്പെട്ട മൂസ്സാക്ക എത്താറുണ്ടായിരുന്നു. അസുഖം മൂലം കഴിഞ്ഞ രണ്ട് വര്‍ഷവും വിദേശത്തേക്ക് പോകാന്‍ സാധിക്കാഞ്ഞത് അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നു. ഒടുവിലൊരു റമദാന്‍ മാസത്തിലെ ആദ്യനാളില്‍ അദ്ദേഹം വിട വാങ്ങുകയാണ്.