മൂന്നാം മുന്നണി നീക്കവുമായി കെ സി ആർ: പിണറായി, സ്റ്റാലിൻ, കുമാരസ്വാമി എന്നിവരുമായി കൂടിക്കാഴ്ച

single-img
6 May 2019

ദേശീയ തലത്തില്‍ ബി.ജെ.പി- കോണ്‍ഗ്രസ് മുന്നണികൾക്ക് ബദലായി മൂന്നാം മുന്നണി രൂപീകരിക്കാനുള്ള നീക്കവുമായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു.

രാഷ്ട്രീയ ചര്‍ച്ചകള്‍ക്കായി കെ.സി.ആര്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് തിരുവനന്തപുരത്ത് എത്തുമ്പോഴാണ് പിണറായിയുമായുള്ള കുടിക്കാഴ്ച. ഇത് ആദ്യമായാണ് കെ.സി.ആര്‍ ഇടതുപക്ഷവുമായി രാഷ്ട്രീയ ചര്‍ച്ച നടത്തുന്നത്. മുമ്പ് പല തവണ ബി.ജെ.പി അനുകൂല നിലപാട് സ്വീകരിച്ചിട്ടുള്ള നേതാവാണ് കെ.സി.ആര്‍.

എന്നാൽ തെരെഞ്ഞെടുപ്പ് കഴിഞ്ഞ് വിശ്രമിക്കുവാനും ക്ഷേത്രങ്ങൾ സന്ദർശിക്കുവാനുമായി കേരളത്തിലെത്തുന്ന കെസിആർ പിണറായി വിജയനുമായി നടത്തുന്ന സന്ദർശനത്തിൽ രാഷ്ട്രീയമൊന്നുമില്ലെന്നാണ് മുഖ്യമന്ത്രിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.

ഈ മാസം 13-ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്. നേരത്തെ കരുണാനിധി ജീവിച്ചിരിക്കെ തന്നെ ഡി.എം.കെയുമായും കെ.സി.ആര്‍ സഖ്യ നീക്കങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് സ്റ്റാലിനുമായുള്ള ചര്‍ച്ച.

കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയെ കാണുവാനും കെസിആറിനു പദ്ധതിയുണ്ട്. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്നാണ് കുമാരസ്വാമിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം.

ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കുമായും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായും കെസിആർ നേരത്തേ കൂടിക്കാഴ്ച നടത്തിയിരുന്നു.