ബംഗളുരുവിൽ കെഎസ്ആർടിസി ബസുകള്‍ പിടിച്ചെടുത്ത സംഭവം; കര്‍ണാടക ഉദ്യോഗസ്ഥരെ പ്രൈവറ്റ് ബസ്‌ ഓപ്പറേറ്റര്‍മാര്‍ സ്വാധീനിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

single-img
6 May 2019

കര്‍ണാടകയിലെ ബംഗളുരുവിൽ കേരളത്തിന്‍റെ ആര്‍ടിസി ബസുകള്‍ പിടിച്ചെടുത്ത സംഭവം കര്‍ണാടകത്തിലെ താഴെ തട്ടിലുള്ള ഉദ്യോഗസ്ഥരുടെ വീഴ്ചമൂലമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. അതുപോലെ തന്നെ, കര്‍ണാടകയിലെ ഉദ്യോഗസ്ഥരെ പ്രൈവറ്റ് ബസ്‌ ഓപ്പറേറ്റര്‍മാര്‍ സ്വാധീനിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. ഇനി ഇതുപോലെ ആവര്‍ത്തിക്കാതിരിക്കാന്‍ രണ്ട് സംസ്ഥാനങ്ങളിലെയും ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിമാര്‍ ചര്‍ച്ച നടത്തിയതായി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

മോട്ടോര്‍ വാഹന നിയമ ചട്ടം ലംഘിച്ച് സ്കാനിയ ബസില്‍ പരസ്യം പതിച്ചതിനായിരുന്നു കോട്ടയത്ത് നിന്നും കോഴിക്കോട്ട് നിന്നും ബംഗളുരുവിലേക്ക് പോയ ബസ്സുകള്‍ ചന്ദാപുര ആര്‍ടിഒ കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്. കേരളം നിരന്തരം ആവശ്യപ്പെട്ടിട്ടും ബസ് വിട്ടു നൽകാൻ കർണാടക ഗതാഗത വകുപ്പ് തയ്യാറായില്ല.

തുടര്‍ന്ന് ഞായറാഴ്ച വൈകിട്ടോടെ ഗതാഗതകമ്മീഷണർ കർണാടക ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടാകാതിരുന്നതിനെ തുടർന്ന് മന്ത്രി എ കെ ശശീന്ദ്രന്‍റെ നിര്‍ദ്ദേശപ്രകാരം കേരളത്തിലേക്ക് എത്തിയ കർണാടക ആർടിസിയുടെ 7 ബസുകൾ ഗതാഗതവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ണാടക കേരളത്തിന്‍റെ പിടിച്ചെടുത്ത ബസുകള്‍ വിട്ടയച്ചത്.