ചതിച്ചത് മലയാളികൾ: ഒമാനിൽ കുടുങ്ങിയ യുവതിയ്ക്ക് രക്ഷയായത് ഒഐസിസിയുടെ ഇടപെടൽ

single-img
6 May 2019

ജോലി തട്ടിപ്പിൽ അകപ്പെട്ട് ഒമാനിലെ വീട്ടുതടങ്കലിലായ യുവതിക്ക് സഹായമായത് ഒഐസിസിയുടെ ഇടപെടൽ. ഒമാനിൽ അകപ്പെട്ട മുളവന സ്വദേശിനിയായ സുനിതയെ കണ്ടെത്തിയതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. യുവതിയെ നാട്ടിലേക്ക് അയയ്ക്കാനുള്ള നടപടികൾ സ്വീകരിച്ച് വരുന്നതായി മസ്‌കറ്റ് ഇന്ത്യൻ എംബസി അംബാസഡർ മുനു മഹാവർ എം.പിയെ ഇ -മെയിൽ സന്ദേശത്തിലൂടെ അറിയിച്ചു.

സുനിതയെ ദുബായിലേക്കാണ് ജോലിക്കെന്നുപറഞ്ഞ് കൊണ്ടുപോയത്. പിന്നീട് ഒമാനിലേക്ക് കടത്തി. ഇതിനെക്കുറിച്ച് ചില മാധ്യമങ്ങളിൽ വന്ന വാർത്ത കണ്ട ഒ.ഐ.സി.സി. ഗ്ലോബൽ സെക്രട്ടറി ചന്ദ്രൻ കല്ലട ഒമാൻ യൂണിറ്റുമായി ബന്ധപ്പെട്ടു. ഒമാനിലെ ഒ.ഐ.സി.സി. നേതാക്കളായ ശങ്കരപ്പിള്ള കുമ്പളത്തും ഉമ്മനും നടത്തിയ അന്വേഷണത്തിലാണ് സുനിതയെ കണ്ടെത്തിയത്.

മാർച്ച് 4നാണ് മൂവാറ്റുപുഴയിലെ മാൻപവർ ഏജൻസി മുഖേന ജോലിക്കായി സുനിത ദുബായിലേക്ക് പോയത്. ഇവിടെ നിന്ന് ഇസ്മായിൽ എന്ന ഏജന്റ് സുനിതയെ ഒമാനിലേക്ക് കൊണ്ടു പോകുകയായിരുന്നു. എന്നാൽ ഒമാനിൽ ജോലി ശരിയാകാത്തതിനെ തുടർന്ന് സുനിതയെ സിറാജ് എന്നു പേരുള്ള വ്യക്തിയുടെ ഓഫീസ് മുറിയിൽ എത്തിക്കുകയായിരുന്നു.

സുനിതയുടെ പക്കലുണ്ടായിരുന്ന ഫോണും രേഖകളും ഇയാൾ പിടിച്ച് വച്ച ശേഷം ഇവരെ ഓഫീസ് മുറിയിൽ അടച്ചിടുകയായിരുന്നു. തുടർന്ന് മുറിയിലെത്തിയ സ്ത്രീയുടെ മൊബൈൽ വാങ്ങിയാണ് സുനിത തന്റെ മൂത്ത മകളായ ശ്രീലക്ഷ്മിയെ വിളിച്ച് വിവരമറിയിച്ചത്.

യുവതിയെ കാണാതായതിനെ സംബന്ധിച്ച് കൊല്ലം എം.പി എൻ കെ പ്രേമചന്ദ്രൻ ഇന്ത്യൻ എംബസിക്ക് കത്ത് അയച്ചിരുന്നു. പാസ്‌പോർട്ട് നമ്പർ ലഭ്യമല്ലാത്തതിനാൽ യുവതിയെ കണ്ടെത്താൻ സാധിച്ചില്ല.

ഇത്തരമൊരു പ്രശ്നത്തിൽ കുടുങ്ങിക്കിടന്ന കണ്ണൂരുകാരി ഗീതയെ ഒ.ഐ.സി.സി. നേതാവ് ശങ്കരപ്പിള്ള കുമ്പളത്ത് ഇടപെട്ട് രക്ഷിച്ച് ഇന്ത്യൻ എംബസിയിലെത്തിച്ചിരുന്നു. ഗീതയിൽനിന്നാണ് സുനിതയും ഇവിടെയുണ്ടെന്ന് മനസ്സിലാക്കാനായത്.

സുനിതയെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. നാട്ടിലേക്ക് കൊണ്ടുവരണമെങ്കിൽ 1500 ഒമാൻ റിയാൽ (ഏകദേശം 2.69 ലക്ഷം രൂപ) ഒമാനിലെ സ്പോൺസർക്ക്‌ നൽകേണ്ടിവരും. അത് ശേഖരിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ടെന്നും ശങ്കരപ്പിള്ള കുമ്പളത്ത് പറഞ്ഞു.