ഇത്തവണ മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍ കേരളത്തില്‍ നിന്നുള്ള പിന്തുണയുമുണ്ടാവുമെന്ന് കെ സുരേന്ദ്രൻ

single-img
6 May 2019

മോദി സര്‍ക്കാര്‍ ഇത്തവണ അധികാരത്തില്‍ എത്തുമ്പോള്‍ കേരളത്തില്‍ നിന്നുള്ള പിന്തുണയുമുണ്ടാവുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. കേരളം ദേശീയ ചിന്താധാരകള്‍ക്കൊപ്പമാണെന്ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ എല്ലാവര്‍ക്കും മനസ്സിലാവുമെന്നും അദ്ദേഹം പറഞ്ഞു. മയൂര്‍ വിഹാര്‍ ഫേസ് ത്രീയില്‍ ബിജെപി സൗത്ത് ഇന്ത്യന്‍ സെല്‍ സംഘടിപ്പിച്ച ജനസഭ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.

പ്രധാനമന്ത്രിയുടെ വികസന നേട്ടങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടെന്നും 2014ന് സമാനമായി ദല്‍ഹിയിലെ ഏഴു സീറ്റുകളും ബിജെപി തന്നെ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യത്ത് നാല് ഘട്ടങ്ങളിലെ വോട്ടെടുപ്പ്  കഴിഞ്ഞതോടെ വലിയ നിരാശയിലേക്ക് എത്തിയിരിക്കുകയാണെന്നും നുണ പ്രചാരണങ്ങള്‍ നടത്തിയ കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി സുപ്രീംകോടതി കയറി ഇറങ്ങി മാപ്പ് പറഞ്ഞു കൊണ്ടിരിക്കുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.

കേരളത്തില്‍ പ്രളയ ദുരിതാശ്വാസമായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ 3,500 കോടി രൂപ ചെലവഴിക്കാതെ കെട്ടിക്കിടക്കുകയാണ്. പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിച്ച വലിയ വീഴ്ചകള്‍ മറച്ചു വെച്ചു സഹായിച്ചത് പക്ഷപാതപരമായി പെരുമാറുന്ന മലയാള മാധ്യമങ്ങളാണ്. ഇതേ മാധ്യമങ്ങള്‍ തന്നെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശരിയായ ഏകോപനം ഒഡീഷാ തീരത്ത് പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ രക്ഷിച്ച കാര്യവും മറച്ചു പിടിക്കുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.