ഇത് സംസ്ഥാന എക്സൈസിന്റെ ചരിത്രത്തില്‍ ആദ്യം; ‘മൂര്‍ഖന്റെ’ സ്വത്തുക്കള്‍ കണ്ടുകെട്ടി

single-img
6 May 2019

തെക്കേന്ത്യയില്‍നിന്ന് മറ്റുള്ള രാജ്യങ്ങളിലേക്ക് കഞ്ചാവും ഹാഷിഷ് ഓയിലും കടത്തുന്ന സംഘത്തിന്റെ തലവനായ ഷാജിമോനെന്ന മൂര്‍ഖന്‍ ഷാജിയുടെ സ്വത്തുക്കള്‍ സംസ്ഥാന എക്സൈസ് കണ്ടുകെട്ടി.
ഇടുക്കി ജില്ലയിലെ അടിമാലിയിലെ രണ്ടു കെട്ടിടങ്ങളും വസ്തുവുമാണ് കണ്ടുകെട്ടിയത്. കേരളാ എക്സൈസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് കഞ്ചാവ് മാഫിയ തലവനെതിരെ ഇത്തരമൊരു നടപടി.

ഷാജിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്‍ഡിപിഎസ് ആക്ട് പ്രകാരം ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന കോംപിറ്റന്റ് അതോറിറ്റിക്കു കൈമാറി. നിലവിൽ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് ഷാജി. ആന്ധ്ര പ്രദേശിലെ നക്സൽ ബാധിത മേഖലയില്‍നിന്ന് ഇടുക്കിയിലേക്ക് കഞ്ചാവു കടത്തിനു തുടക്കം കുറിച്ച കമ്പിളിക്കണ്ടം തോമസിന്റെ സഹായിയായാണ് മൂര്‍ഖന്‍ ഷാജി ഈ മേഖലയിലേക്ക് ഇറങ്ങുന്നത്.

ഇതിനിടയിൽ കമ്പിളിക്കണ്ടം തോമസ് ദുരൂഹസാഹചര്യത്തില്‍ മരിച്ചതോടെ കച്ചവടം ഷാജിയുടെ കൈയിലായി. ആന്ധ്രയില്‍ കഞ്ചാവു തോട്ടങ്ങള്‍ പാട്ടത്തിനെടുത്താണ് കേരളത്തിലേക്കു കഞ്ചാവും ഹാഷിഷും കടത്തുന്നത്.
അവിടുള്ള നക്സല്‍ സംഘടനകള്‍ക്കു പണം നല്‍കുന്നതിനാല്‍ അവരുടെ സഹായവും ലഭിച്ചിരുന്നു. ദീർഘകാലമായി കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീരീക്ഷണത്തിലായിരുന്ന ഷാജിയെ 1.80 കോടി രൂപയുടെ കഞ്ചാവുമായാണ് എക്സൈസ് സിഐ അനികുമാറും സംഘവും 2018 നവംബറില്‍ പിടികൂടിയത്.

മുൻപ് അടിമാലിയില്‍ മൂര്‍ഖനെന്നു പേരെഴുതിയ ഓട്ടോ ഓടിച്ചതിനാലാണ് മൂര്‍ഖന്‍ ഷാജിയെന്ന പേരുവീണതെന്നാണ് ചോദ്യം ചെയ്യലില്‍ ഷാജി പറഞ്ഞത്. പക്ഷെ ക്രൂരമായ പെരുമാറ്റം കാരണമാണ് മൂര്‍ഖനെന്ന പേരുകിട്ടിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. തന്റെ എതിരാളികളെ ഇല്ലാതാക്കുന്നതിന് ഏതു മാര്‍ഗവും സ്വീകരിക്കുന്ന കൊടുംക്രൂരനാണ് ഷാജിയെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

2003 ല്‍ വ്യാജമദ്യം കടത്തിയെന്ന കേസില്‍ ഷാജിക്ക് നാലുകൊല്ലം തടവുശിക്ഷ ലഭിച്ചിരുന്നു. ഈ കേസില്‍ രണ്ടാം പ്രതിയാണ് ഷാജി. ഒന്നാം പ്രതിയായിരുന്ന ജയകുമാര്‍ ഉസലംപെട്ടിയില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ഈ മരണത്തിനും പിന്നില്‍ ഷാജിയാണെന്നാണ് എക്സൈസിനു ലഭിച്ച വിവരം. അതിനിടയിൽ ഷാജിയുടെ രണ്ടാം ഭാര്യയുടെ മുന്‍ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതിനു പിന്നിലും ഷാജിയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ഭാര്യയുടെ മുൻഭർത്താവിനെ ഷാജി കഞ്ചാവു കേസില്‍ കുടുക്കി നിരന്തരം ഉപദ്രവിച്ചിരുന്നു. അതോടൊപ്പം ഷാജിയുടെ സഹായിയായി ഒപ്പമുണ്ടായിരുന്ന ഏലിയാസിന്റെ മരണത്തിലും സംശയമുന നീളുന്നത് ഷാജിയിലേക്കാണ്. ഇക്കാലയളവിൽ അയല്‍വാസിയും ഷാജിയുടെ ശല്യം സഹിക്കാനാകാതെ ആത്മഹത്യ ചെയ്തതായി എക്സൈസ് പറയുന്നു. ഇവയെല്ലാം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന അന്വേഷണം ഇതുവരെ നടന്നിട്ടില്ല. സംസ്ഥാന എക്സൈസില്‍ ഷാജിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുള്ളതാണ് അന്വേഷണം ഇഴയുന്നതിന് കാരണം. ഇക്കാര്യം വ്യക്തമാക്കി നിരവധി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുമുണ്ട്.

സംസ്ഥാനത്തു ഋഷിരാജ് സിങ് ഐപിഎസ് എക്സൈസ് തലപ്പത്തേക്കു വന്നതിനുശേഷമാണ് ഷാജിക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കിയത്. നിലവിൽ ജയിലിലാണെങ്കിലും ഷാജിയുടെ ശൗര്യത്തിനു കുറവില്ലെന്നാണ് കുറച്ചു ദിവസം മുന്‍പ് നടന്ന സംഭവം തെളിയിക്കുന്നത്. തനിക്കെതിരെ കേസെടുത്ത എക്സൈസ് ഉദ്യോഗസ്ഥനെ കൊല്ലുമെന്ന് ജയിലില്‍ ഷാജി പരസ്യമായി വെല്ലുവിളിച്ചു. ജയിലിലെ ഉദ്യോഗസ്ഥരോടും ഷാജി ഇതാവര്‍ത്തിച്ചിരുന്നു.