വാരണാസിയിലെ നാമനിര്‍ദ്ദേശ പത്രിക: തേജ് ബഹദൂർ യാദവ് സുപ്രീം കോടതിയെ സമീപിച്ചു

single-img
6 May 2019

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരണാസിയില്‍ താന്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെതിരെ മുന്‍ ബി എസ് എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവ് സുപ്രീം കോടതിയെ സമീപിച്ചു. സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായാണ് തേജ് ബഹാദൂര്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇദ്ദേഹത്തിന്റെ പത്രിക വൈരുദ്ധ്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി തള്ളുകയായിരുന്നു.

പ്രശസ്ത അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ വഴിയാണ് തേജ് ബഹാദൂര്‍ ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കമ്മീഷന് മുൻപാകെ രണ്ട് സെറ്റ് നാമനിര്‍ദ്ദേശ പത്രികകളാണ് തേജ് ബഹാദൂര്‍ സമര്‍പ്പിച്ചിരുന്നത്. കേന്ദ്രസർക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് തന്റെ പത്രിക തള്ളിയതെന്ന് തേജ് ബഹാദൂര്‍ ആരോപിച്ചിരുന്നു.

താൻ സമർപ്പിച്ചിരുന്നു നാമനിര്‍ദ്ദേശ പത്രികയില്‍ ആരോപിക്കപ്പെടുന്ന വൈരുദ്ധ്യങ്ങള്‍ക്ക് ചൊവ്വാഴ്ച 6.15ന് മുമ്പ് വിശദീകരണം നല്‍കാന്‍ തേജ് ബഹാദൂറിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ വിശദീകരണം നല്‍കിയതിന് ശേഷവും പത്രിക തള്ളുകയായിരുന്നെന്ന് തേജ് ബഹാദൂര്‍ പറഞ്ഞു. സൈന്യത്തിലെ ജോലി ഉപേക്ഷിക്കുന്നതിന് രണ്ട് നാമനിര്‍ദ്ദേശ പത്രികളിലും വ്യത്യസ്ത കാരണങ്ങള്‍ പറയുന്നുവെന്ന് ആരോപിച്ചാണ് പത്രിക തള്ളിയത്.

അതിർത്തി രക്ഷാസേനയിലെ സൈനികർക്ക് നൽകുന്ന മോശം ഭക്ഷണത്തെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ജോലി വിട്ട് പുറത്തുപോരേണ്ടി വന്ന ഉദ്യോഗസ്ഥനാണ് തേജ് ബഹാദൂര്‍.