ചീഫ് ജസ്റ്റിസിന് ക്ലീൻ ചിറ്റ്: ലൈംഗിക പീഡനപരാതി അടിസ്ഥാനരഹിതമെന്ന് അന്വേഷണസമിതി

single-img
6 May 2019

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയ്ക്കെതിരായി ഉയർന്നുവന്ന ലൈംഗിക പീഡന പരാതി അടിസ്ഥാനരഹിതമെന്ന് സുപ്രീംകോടതി അന്വേഷണ സമിതിയുടെ റിപ്പോർട്ട്. ജസ്റ്റിസ് എസ് എ ബോബ്ഡേ, ജസ്റ്റിസ് ഇന്ദിര ബാനർജി, ജസ്റ്റിസ് ഇന്ദു മൽഹോത്ര എന്നിവരടങ്ങിയ സമിതിയാണ് പരാതിയിന്മേൽ അന്വേഷണം നടത്തിയത്.

ബുധനാഴ്ചയാണ് ചീഫ് ജസ്റ്റിസ് സമിതിയ്ക്ക് മുന്നിൽ ഹാജരായത്. അന്വേഷണത്തിൽ നീതി ലഭിക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ പരാതിയിൽ നിന്ന് പിന്മാറുകയാണെന്ന് പരാതിക്കാരി പറഞ്ഞെങ്കിലും സമിതി അന്വേഷണവുമായി മുന്നോട്ട് പോകുകയായിരുന്നു.

സമിതിയുടെ റിപ്പോർട്ട് അതു സ്വീകരിക്കാൻ യോഗ്യനായ അടുത്ത മുതിർന്ന ജഡ്ജിക്കു നൽകിയതായി സെക്രട്ടറി ജനറൽ വ്യക്തമാക്കി. പകർപ്പ് ചീഫ് ജസ്റ്റിസിനും നൽകി. സുപ്രീം കോടതിയിലെ രണ്ടാമത്തെ മുതിർന്ന ജഡ്ജിയാണ് ബോബ്ഡെ. അടുത്ത മുതിർന്ന ജഡ്ജി എൻ.വി.രമണ.

ആഭ്യന്തര നടപടിക്രമങ്ങളുടെ ഭാഗമായുള്ള റിപ്പോർട്ട് പരസ്യപ്പെടുത്താത്തത് 2003ൽ ഇന്ദിര ജയ്സിങ്ങും സുപ്രീം കോടതിയും തമ്മിലുള്ള കേസിലെ വിധിയനുസരിച്ചാണെന്നും സെക്രട്ടറി ജനറൽ വ്യക്തമാക്കി.