എത്ര എംഎല്‍എമാരെയാണ് വാങ്ങുന്നതെന്ന് വ്യക്തമാക്കണം; റാഫേൽ കരാറിൽ നിന്നും ലഭിച്ച പണം ഉപയോഗിച്ച് ബിജെപി എംഎൽഎമാരെ വിലയ്ക്ക് വാങ്ങുന്നു: കെജ്‌രിവാള്‍

single-img
6 May 2019

കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ബിജെപിയിലെത്തുന്ന രണ്ടാമത്തെ ആം ആദ്മി എംഎല്‍എയായി ദേവീന്ദെര്‍ സെഹ്‌റാവത്ത് . ദൽഹി നിയമസഭയില്‍ ബിജ് വാസന്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ് ഇദ്ദേഹം. കേന്ദ്ര സർക്കാർ പല വികസന പദ്ധതികളും നടപ്പിലാക്കുമ്പോള്‍ എഎപി നേതൃത്വം ശബ്ദമുണ്ടാക്കുക മാത്രമാണ് ചെയ്തതെന്ന് സെഹ്‌റാവത്ത് പാര്‍ട്ടി വിട്ട ശേഷം ഡൽഹിയിലെ ബിജെപി കാര്യാലയത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഡൽഹിയിൽ ജനാധിപത്യ മാര്യാദകൾക്ക് വിരുദ്ധമായി ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നുവെന്ന് കെജ്‌രിവാള്‍ ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് ഇത്. റാഫേൽ കരാറിൽ നിന്നും ബിജെപിയ്ക്ക് ലഭിച്ച പണം ഉപേയാഗിച്ചാണ് ഡൽഹിയിൽ രാഷ്ട്രീയ കുതിരക്കച്ചവടം നടത്തുന്നതെന്നായിരുന്നു മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രതികരണം.

അവർ (ബിജെപി) റാഫേൽ പണം ഉപയോഗിച്ചാണ് ഞങ്ങളുടെ എംഎല്‍എമാരെ വാങ്ങുന്നത്. അവര്‍ എത്ര എംഎല്‍എമാരെയാണ് വാങ്ങുന്നതെന്ന് വ്യക്തമാക്കണം’- കെജ്‌രിവാള്‍ പറയുകയുണ്ടായി.

10 കോടി രൂപ വാഗ്ദാനം ചെയ്ത് എ.എ.പി എം.എല്‍.എമാരെ ബി.ജെ.പി വിലയ്ക്കെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് അരവിന്ദ് കെജ്‌രിവാള്‍ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരിക്കുന്നത്. ഗാന്ധിനഗറിൽ നിന്നും അനില്‍ ബാജ്പേയ് കഴിഞ്ഞ ദിവസമായിരുന്നു ബിജെപിയില്‍ ചേര്‍ന്നത്.ഡൽഹിയിൽ നിന്നും14 ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചെന്ന് കേന്ദ്രമന്ത്രി വിജയ് ഗോയലും അവകാശപ്പെട്ടിരുന്നു.