അമേഠിയിൽ രാഹുൽ ഗാന്ധി സ്മൃതി ഇറാനിയോട് ഒരു ലക്ഷം വോട്ടിന് തോൽക്കുമെന്ന് അമിത്ഷാ

single-img
6 May 2019

ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനി അമേഠിയില്‍ ഒരു ലക്ഷം വോട്ടിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കുടുംബ വാഴ്ചയും വികസനവും തമ്മിലാണ് അമേഠിയിലെ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു. ടൈംസ് ഒഫ് ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് അമിത് ഷാ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഇവിടെ പോരാട്ടം കുടുംബ വാഴ്ചയും വികസനവും തമ്മിലാണ്. അഞ്ചു പതിറ്റാണ്ടായി ഗാന്ധി കുടുംബമാണ് അമേഠിയെ പ്രതിനിധീകരിക്കുന്നത്.കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം കാര്യമായി കുറയ്ക്കാന്‍ സ്മൃതി ഇറാനിക്കായി. ഇക്കുറി സ്മൃതി ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിക്കും- അമിത് ഷാ പറഞ്ഞു.

ഒരു വിധത്തിലുള്ള വികസനവും ഇവിടെ എത്തിക്കാനായിട്ടില്ല. ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭിക്കുന്നില്ല. മോദി അധികാരത്തില്‍ എത്തിയതിനു ശേഷമാണ് ടൊയ്‌ലറ്റ്, വൈദ്യുതി, പാചക വാതകം എന്നിവയ്‌ക്കെ ജനങ്ങള്‍ക്കു ലഭ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ്പിയിലും ബിഎസ്പിയിലും കുടുംബ വാഴ്ച തന്നെയാണ്. കുടുംബത്തിലെ നാലോ അഞ്ചോ പേരിലേക്ക് അധികാരം എത്തിക്കാനാണ് എസ്പിയുടെ ശ്രമം. ബിഎസ്പിയിലും മരുമകന്‍ ഉദയം ചെയ്തുകഴിഞ്ഞു. കഴിഞ്ഞ തവണ യുപിയില്‍ എന്‍ഡിഎയ്ക്ക് എണ്‍പതില്‍ 73 സീറ്റാണ് കിട്ടിയത്. ഇക്കുറി അത് കൂടുമെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു.