നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ ഉദാസീനത കാണിക്കുകയാണെന്ന് സംവിധായിക വിധു വിൻസെൻറ്

single-img
5 May 2019

നടിയെ ആക്രമിച്ച കേസിലെ നടപടികള്‍ വൈകിപ്പിക്കുന്നതില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച്  സംവിധായിക വിധു വിൻസെൻറ്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് WCC അംഗം കൂടിയായ വിധു തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്.

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. മെമ്മറികാര്‍ഡ് തെളിവാണോ, തൊണ്ടി മുതലാണോ എന്ന് പഠിക്കാന്‍ സര്‍ക്കാറിന്‍റെ സ്റ്റാന്‍റിങ്ങ്  കൗണ്‍സില്‍ സുപ്രീംകോടതിയില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതായിരുന്നു കാരണം. ഇതിന് പിന്നാലെയാണ് സര്‍ക്കാറിനെ വിമർശിച്ച് വിധു വിൻസെൻറ് രംഗത്തെത്തിയത്.

“നിയമ-നീതി സ്ഥാപനങ്ങളോടുള്ള വിശ്വാസ്യത തന്നെ ഇല്ലാതാകുന്ന നിലപാടാണ് നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ സ്റ്റാന്റിഗ് കൗൺസൽ സുപ്രീം കോടതിയിൽ സ്വീകരിച്ചത്. എന്തുകൊണ്ടാണ് ഇത്രയും ലാഘവത്തോടെ ഈ വിഷയം കൈകാര്യം ചെയ്യുന്നതെന്ന് മനസിലാകുന്നില്ല. ഈ രാജ്യത്തെ നിയമ സംവിധാനങ്ങളോട് വിശ്വാസം പുലർത്തുന്ന ഒരാളെന്ന നിലയിൽ എന്നെ പോലുള്ളവർക്ക് ഇത് വലിയ സങ്കടം ഉണ്ടാക്കിയിട്ടുണ്ട്. ഇത് ഒരു സഹപ്രവർത്തകയുടെ മാത്രം കേസല്ല, നമ്മുടെ സമൂഹത്തിലുള്ള ഏതൊരു പെൺകുട്ടിക്കും സ്ത്രീക്കും അഭിമുഖികരിക്കേണ്ടി വരാവുന്ന ഒരു സാഹചര്യത്തിലേക്കാണ് ഈ ഒരവസ്ഥ വിരൽ ചൂണ്ടുന്നത്. “ വിധു വിൻസന്റ് ഫെയ്സ്ബുക്കിൽ കുറിച്ചു.

സംസ്ഥാനസർക്കാർ വളരെ ഗൗരവത്തോടെ തന്നെ ഈ വിഷയത്തിൽ ഇടപെടൽ നടത്തേണ്ടതുണ്ടെന്നും ഭരണഘടനാ സ്ഥാപനങ്ങളിൽ നിന്നുണ്ടാകുന്ന ഏതൊരു തരത്തിലുള്ള ഉദാസീനതയും, ജാഗ്രതകുറവും ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസവും പ്രതീക്ഷയുമാണ് ഇല്ലാതാക്കുന്നതെന്നും വിധു വിൻസന്റ് പറയുന്നു. എന്തിനാണ് ഇത്തരത്തിൽ നടപടിക്രമങ്ങൾ വൈകിപ്പിക്കുന്നത് എന്നതിന് ഉത്തരം നല്കാൻ സംസ്ഥാന സർക്കാർ ബാധ്യസ്ഥമാണെന്നും അവർ കൂട്ടിച്ചേർത്തു.

Justice delayed is justice denied**********************************************നിയമ-നീതി സ്ഥാപനങ്ങളോടുള്ള വിശ്വാസ്യത…

Posted by Vidhu Vincent on Friday, May 3, 2019