സ്വന്തമായി മുഖമില്ലാതെ ആൾക്കൂട്ടത്തിൽ അലിഞ്ഞു ചേരേണ്ടവരല്ല മുസ്ലീം സ്ത്രീകളെന്ന് വിഡി സതീശൻ; ഫേസ്ബുക്ക് പോസ്റ്റിൽ ലീഗ്- സിപിഎം പൊങ്കാല

single-img
5 May 2019

മുഖാവരണ വിവാദത്തിൽ എം ഇ എസിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് വിഡി സതീശൻ. സ്വന്തമായി മുഖമില്ലാതെ ആൾക്കൂട്ടത്തിൽ അലിഞ്ഞു ചേരേണ്ടവരല്ല മുസ്ലീം സ്ത്രീകളെന്നും മുഖത്ത് നിറയുന്ന ആത്മവിശ്വാസത്തോടെ അവർ മുന്നോട്ട് പോകട്ടെയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഒരു സ്ത്രീവിരുദ്ധ നിലപാടിലും കൂട്ടുചേരില്ലെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. എന്നാൽ പ്രസ്തുത പോസ്റ്റിൽ വിമർശനവുമായി ലീഗ് പ്രവർത്തകരും സിപിഎം അനുഭാവികളും രംഗത്തെത്തി.

വിഡി സതീശൻ്റെ ബുർഖ വിരുദ്ധ നിലപാടിനെതിരെയാണ് ലീഗ് പ്രവർത്തകരുടെ കമൻ്റുകൾ എത്തുന്നത്. ധരിക്കേണ്ടവർക്കു ധരിക്കാനും , അഴിക്കേണ്ടവർക്കു അഴിക്കാനും സ്വാതന്ത്ര്യമുണ്ട്… അതു ബുർഖയാവട്ടെ ബ്രായാവട്ടെയെന്നും ചിലർ പ്രതികരിക്കുന്നു. ശബരിമലയിൽ സ്വീകരിച്ച അതേ നിലപാടാണ് ഇവിടെയും. വിശ്വാസികൾക്കൊപ്പം. എംഇഎസിനെ പിന്തുണക്കുമ്പോൾ ജീൻസിലും ലഗിൻസിലും ഇതേ നിലപാടാണോ എന്നുകൂടി പറയേണ്ടിയിരുന്നുവെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.

ശബരിമല വിലഷയത്തിൽ മൗനം അവലംബിക്കുകയും ബുർഖ വിഷയത്തിൽ പ്രതികരിക്കുകയും ചെയ്ത വഡി സതീശൻ്റെ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ടാണ് സിപിഎം പ്രവർത്തകർ രംഗത്തെത്തിയിരിക്കുന്നത്. പോസ്റ്റ് നാളെ പിൻവലിക്കരുതെന്നും സിപിഎം പ്രവർത്തകർ മുന്നറിയിപ്പു നൽകുന്നുണ്ട്.