പിതാവിനെതിരായ പരാമർശം: മോദിയ്ക്ക് ആലിംഗനം കൊണ്ട് മറുപടി പറഞ്ഞ് രാഹുൽ ഗാന്ധി

single-img
5 May 2019

തന്റെ പിതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയ്ക്കെതിരെ അവഹേളനപരമായ പ്രസംഗം നടത്തിയ നരേന്ദ്ര മോദിയ്ക്ക് ആലിംഗനം കൊണ്ട് മറുപടി നൽകി രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് കോൺഗ്രസ് അദ്ധ്യക്ഷന്റെ മറുപടി.

‘ഒന്നാം നമ്പര്‍ അഴിമതിക്കാരന്‍’ ആയിട്ടാണ് നിങ്ങളുടെ പിതാവിന്റെ ജീവിതം അവസാനിച്ചതെ’ന്നായിരുന്നു മോദി രാഹുലിനോടായി പറഞ്ഞത്. ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ മോദി നടത്തിയ ഈ പ്രസ്താവനയ്ക്കെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് രാഹുലിന്റെ വ്യത്യസ്തമായ മറുപടി.

“മോദിജി, യുദ്ധം അവസാനിച്ചു. താങ്കളുടെ കർമ്മം താങ്കളെ കാത്തിരിക്കുന്നു. നിങ്ങളെക്കുറിച്ചു തന്നെയുള്ള നിങ്ങളുടെ ആന്തരിക വിശ്വാസങ്ങൾ എന്റെ പിതാവിന്റെ മുകളിൽ ചാർത്തിയതുകൊണ്ട് താങ്കൾ രക്ഷപ്പെടില്ല. എന്റെ എല്ലാ സ്നേഹവും ഒരു വലിയ ആലിംഗനവും.” രാഹുൽ ട്വിറ്ററിൽ കുറിച്ചു.

1991-ൽ അന്തരിച്ച ഒരു വ്യക്തിയെ വ്യക്തിഹത്യ ചെയ്യുക വഴി മോദി സഭ്യതയുടേയു മര്യാദയുടെയും എല്ലാ അതിരുകളും ലംഘിച്ചതായി കോൺഗ്രസ് നേതാവ് പി ചിദംബരവും ട്വീറ്റ് ചെയ്തിരുന്നു.