പ്രേം നസീർ ഓർമ്മയായത് അവസാന ആഗ്രഹം ബാക്കിവച്ച്; അത് നടക്കാത്തതിനു കാരണം ഇന്നത്തെ ഒരു സൂപ്പർസ്റ്റാർ

single-img
5 May 2019

മലയാളസിനിമയുടെ നിത്യഹരിതനായകൻപ്രേനസീർ മരണമടഞ്ഞത് അവസാനമായി ഒരാഗ്രഹം ബാക്കിവച്ചിട്ടാണ്. ഇന്നത്തെ ഒരു സൂപ്പർതാരം കാരണമാണ് അത് നടക്കാതെ പോയതെന്നു പഴയകാല ക്യാമറാമാനും സംവിധായകനുമായ ജി.വേണു വെളിപ്പെടുത്തി. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഒരു ആഗ്രഹം ബാക്കി വച്ചിട്ടാണ് പ്രേംനസീർ ഈ ഭൂമി വിട്ടു പോയത്. അതായത് സ്വന്തമായി ഒരു പടം പ്രൊഡ്യൂസ് ചെയ്‌ത് ഡയറക്‌ട് ചെയ്യണമെന്ന്. അതിനു വേണ്ടി അദ്ദേഹം ഇന്നത്തെ മെഗാസ്‌റ്റാറുകളിൽ ഒരാളെ പതിവായി കണ്ട് കാൾ ഷീറ്റിന്റെ കാര്യം സംസാരിക്കാറുണ്ടായിരുന്നുവെന്നും വേണു പറയുന്നു.

ഡേറ്റ് കൊടുക്കാം കൊടുക്കാം എന്ന് പറയുന്നെന്നല്ലാതെ ആ മനുഷ്യൻ ഡേറ്റ് കൊടുക്കുന്നില്ല. ഒടുവിൽ ഒരു വൈഷമ്യവും ഇല്ലാതെ അദ്ദേഹം കാറിൽ കയറിപ്പോയപ്പോൾ, ആ നടൻ പറയുകയാണ് ഇങ്ങേർക്ക് വയസാംകാലത്ത് വീട്ടിൽ പോയി ഇരുന്നൂടേയെന്ന്. ആ മനുഷ്യനിപ്പോൾ അന്നത്തെ നസീറിനേക്കാൾ പ്രായമുണ്ട്.

ഞാൻ സെറ്റിൽ വച്ച് ഡയലോഗ് പറഞ്ഞ് പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ ഈ മനുഷ്യൻ ചാൻസ് ചോദിച്ചു നടക്കുകയാണ്. അവിടെ വന്നാൽ സാറ് രണ്ടുമൂന്ന് പ്രാവശ്യം ഇരിക്കാൻ പറഞ്ഞാലെ ഇരിക്കുകയുള്ളൂ. ആ മനുഷ്യനാണ് പിന്നീടിത് പറഞ്ഞത്- വേണു പറയുന്നു.

അതു കേട്ടുകൊണ്ടു നിന്ന പ്രൊഡക്ഷൻ മാനേജർ നസീറിനെ ഇക്കാര്യം അറിയിക്കുകയായിരുന്നുവെന്നും വേണു പറയുന്നു. സാറിന് പേരും പ്രശസ്‌തിയുമുണ്ട്. ഒരിക്കലും ഇനി ആ മനുഷ്യന്റെ അടുത്ത് കാൾ ഷീറ്റിനായി പോകരുത് എന്ന് നസീറിനോടു പറഞ്ഞുവെന്നും വേണു പറയുന്നു. അതുപോലും പ്രേംനസീർ ആരെയും അറിയിച്ചിട്ടില്ല. പിന്നീട് ആ മനുഷ്യനെ കാണുമ്പോൾ പരിഭവം കാണിച്ചിട്ടില്ലെന്നും വേണു പറഞ്ഞു.