ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടിട്ടും കേന്ദ്രസർക്കാർ ഗൗരവമായി കാണുന്നില്ല; കെജ്‍രിവാളിനെതിരായ ആക്രമണത്തെ അപലപിച്ച് പിണറായി വിജയന്‍

single-img
5 May 2019

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കഴിഞ്ഞ ദിവസം ആക്രമണത്തിന് ഇരയായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ വിളിച്ച് സംസാരിച്ചു. കെജ്‍രിവാളിനെതിരെ ഉണ്ടായ അക്രമത്തെ മുഖ്യമന്ത്രി ശക്തിയായി അപലപിച്ചു. ഡൽഹി മുഖ്യമന്ത്രിക്കെതിരെ ഇതിനു മുമ്പും പലതവണ ആക്രമണം ഉണ്ടായിട്ടുണ്ട്. ശക്തമായ പ്രതിഷേധം ഇത്തരം ആക്രമങ്ങള്‍ക്കെതിരെ ഉയര്‍ന്നിട്ടും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രിക്കുന്ന ഡല്‍ഹി പോലീസ് ഒരു നടപടിയും എടുത്തിട്ടില്ല.

ഇത്തരത്തിലുള്ള നിസ്സംഗതയും അനാസ്ഥയുമാണ് അക്രമങ്ങള്‍ ആവര്‍ത്തിക്കുന്നതിന് ഇടയാക്കുന്നത്. രാജ്യത്തെ ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടിട്ടും കേന്ദ്രസർക്കാർ അത് ഗൗരവമായി കാണാത്തത് അങ്ങേയറ്റം ഉത്കണ്ഠയുളവാക്കുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു. രാജ്യത്ത് സംഘപരിവാര്‍ അജണ്ടക്കെതിരെ നിലപാട് എടുക്കുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് കെജ്‍രിവാളിനെതിരെയുണ്ടായ ആക്രമണമെന്ന് താന്‍ കരുതുന്നതായും മുഖ്യമന്ത്രി പറഞ്ഞു.