ബംഗാളിലാണ് താമസിക്കുന്നത് എന്ന് ഓര്‍മ്മവേണം: തനിക്കെതിരെ ജയ് ശ്രീറാം മുഴക്കിയ ബിജെപി പ്രവർത്തകരോട് മമതാ ബാനർജി

single-img
5 May 2019

ആരാംബാഗ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നേരെ ജയ്ശ്രീറാം വിളികള്‍. പ്രചരണത്തിനിടയിൽ മമതയ്ക്ക് നേരെ ഒരുപറ്റം ആളുകള്‍ ജയ്ശ്രീറാം വിളികള്‍ മുഴക്കിയത്. ചന്ദ്രകോണ പട്ടണത്തില്‍ മമതയുടെ വാഹനവ്യൂഹം എത്തിയപ്പോഴാണ് ജയ്ശ്രീറാം വിളികള്‍ മുഴങ്ങിയത്.

ഉടന്‍ തന്നെ വാഹനം നിര്‍ത്താന്‍ ഡ്രൈവറോട് ആവശ്യപ്പെട്ട മമത, കാറിന് വെളിയിലിറങ്ങി. മമത പുറത്തിറങ്ങിയതും അതുവരെ ജയ്ശ്രീറാം മുഴക്കിയവര്‍ നിശബ്ദരായി. ‘നിങ്ങളെന്തിനാണ് ഓടുന്നത്. എന്നെ പലതും വിളിച്ചിട്ട്, ഹരിദാസ്’ എന്ന് മമത പിറുപിറുക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. പ്രദേശവാസികളിലൊരാള്‍ എടുത്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്.

ബംഗാളികള്‍ക്കിടയിലെ സാങ്കല്‍പിക കഥാപാത്രമാണ് ഹരിദാസ് പാല്‍. അറിവും കുലീനത്വമുള്ള കഥാപാത്രമാണെങ്കിലും സ്വയം മഹാനെന്ന മിഥ്യാബോധമുള്ള ആളുകളെ കളിയാക്കാനാണ് പൊതുവെ ഹരിദാസ് എന്ന് വിളിക്കുന്നത്.

സംഭവത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയത് സംസാരിക്കവെ സംഭവം മമത പരാമര്‍ശിച്ചു. തനിക്കെതിരേ മുദ്രാവാക്യം വിളിച്ചാല്‍ താന്‍ ഭയപ്പെടില്ലെന്നും ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷവും ഇവര്‍  ബംഗാളില്‍ തന്നെ ഉണ്ടാകുമെന്നത് ഓര്‍ത്താല്‍ നന്നെന്നും മമത താക്കീത് നല്‍കി.