ശ്രീനിവാസനും മകന്‍ ധ്യാനും ആദ്യമായി ഒന്നിക്കുന്ന കുട്ടിമാമയിലെ മനോഹരമായ ഗാനം റിലീസ് ചെയ്ത് മമ്മൂട്ടി

single-img
5 May 2019

കുട്ടിമാമയിലെ `തോരാതെ തോരാതെ´ എന്നു തുടങ്ങുന്ന മനോഹരമായ വീഡിയോ ഗാനം നടന്‍ മമ്മൂട്ടി തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ശ്രീനിവാസനും മകന്‍ ധ്യാനും ആദ്യമായി വെള്ളിത്തിരയില്‍ ഒന്നിക്കുന്ന ചിത്രത്തിലെ അച്ചു രാജാമണി ഈണമിട്ട ഗാനം വിനീത് ശ്രീനിവാസനും വര്‍ഷ വിനുവും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഹരിനാരായണണനാണ് വരികൾ രചിച്ചിരിക്കുന്നത്. .

പ്രശസ്ത സംവിധായകന്‍ വി എം വിനുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിൽ മീര വാസുദേവും, ദുര്‍ഗ്ഗ കൃഷ്ണയുമാണ് നായികമാര്‍. തന്മാത്ര എന്ന ബ്ലെസ്സി ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മീര വാസുദേവിന്റെ ഇടവേളക്ക് ശേഷമുള്ള തിരിച്ചു വരവ് കൂടിയാകും ഈ ചിത്രം.

ഒരു ഫാമിലി എന്റെര്‍ടെയ്‌നറായാണ് ചിത്രം ഒരുങ്ങുന്നത്. ഒരു വലിയ താരനിര ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്. വിശാഖ്, നിര്‍മ്മല്‍ പാലാഴി, മഞ്ജു പത്രോസ്, പ്രേംകുമാര്‍, കലിംഗ ശശി, വിനോദ്, കക്ക രവി, കലാഭവന്‍ റഹ്മാന്‍, സയന, സന്തോഷ് കീഴാറ്റൂര്‍ എന്നിവരാണ് മറ്റു വേഷങ്ങളില്‍ എത്തുന്നത്.

മനാഫ് തിരക്കഥയെഴുതിയ ചിത്രത്തിന് വിഎം വിനുവിന്റെ മകന്‍ വരുണാണ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീത സംവിധായകന്‍ രാജാമണിയുടെ മകന്‍ അച്ചു രാജാമണിയാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുന്നത്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദും നിര്‍വഹിക്കുന്നു.