പഞ്ചാബിൽ സിപിഎമ്മിനേക്കാൾ ശക്തി ആർഎംപിക്ക്: കെഎം ഷാജഹാൻ

single-img
5 May 2019

ലോക്സഭാ തിരഞ്ഞെടുപ്പിലെ ഫലം പുറത്ത് വരുമ്പോൾ കടുത്ത പ്രതിസന്ധികളാണ് സിപിഎമ്മിനെ കാത്തിരിക്കുന്നതെന്ന് കെഎം ഷാജഹാൻ. ആർഎംപിക്ക് പഞ്ചാബിൽ സിപിഎമ്മിനേക്കാൾ ശക്തിയുണ്ടെന്നും ഷാജഹാൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ടിപി ചന്ദ്രശേഖരനെ അനുസ്മരിച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് സിപിഎം നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് ഷാജഹാൻ പറയുന്നത്. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സി.പി.എം തിരിച്ചടി നേരിട്ടതിന്റെ പ്രധാന കാരണം ചന്ദ്രശേഖരൻ വധമായിരുന്നെന്നും, ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലും വടക്കൻ കേരളത്തിൽ കൊലപാതക രാഷ്ട്രീയം ചർച്ചാവിഷയമായെന്നും അദ്ദേഹം കുറിക്കുന്നു.

അധികാരത്തിന്റെ ബലത്തിൽ ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം ആർഎംപിയെ തകർക്കാൻ പല ശ്രമങ്ങളും സിപിഎം സ്വീകരിച്ചിട്ടുണ്ടെന്നും എന്നാൽ ഇതിനെയൊക്കെ അതിജീവിച്ച് മുന്നോട്ട് പോകാൻ ആർ.എം.പിക്ക് കഴിഞ്ഞുവെന്നും ഷാജഹാൻ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം:

എനിക്ക് ഇന്നും ആ ദിവസം കൃത്യമായി ഓർമ്മയുണ്ട്. 2012 മെയ് 4. ഒരുറക്കം കഴിഞ്ഞു കാണും. രാത്രി ഏതാണ്ട് 11 മണിയോടെ മൊബൈൽ ഫോൺ ബെല്ല് തുടർച്ചയായി അടിച്ചു കൊണ്ടിരുന്നു. ഉറക്കമുണർന്ന് ഫോണെടുത്തു. ഏഷ്യാനെറ്റിൽ നിന്നായിരുന്നു ഫോൺ. ഫോണെടുത്ത ഞാൻ കേട്ടത് ” ആർ എം പി നേതാവ് ടി പി ചന്ദ്രശേഖരൻ ഏതാനും നിമിഷങ്ങൾക്ക് മുമ്പ് കൊല്ലപ്പെട്ടു, പ്രതികരണം അറിയാൻ വിളിച്ചതാണ് ” എന്ന വാക്കുകളണ്. ഒരു നിമിഷം, സപ്ത നാഡികളും തളർന്നു പോയി. മറുപടിയായി ഏതാനും ചില വാക്കുക്കൾ പറഞ്ഞതായി ഓർക്കുന്നു. ചന്ദ്രശേഖരൻ കൊലചെയ്യപ്പെട്ടെന്നോ?വിശ്വസിക്കാനായില്ല. പുറകെ വാർത്ത വന്നു. ടി പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടു, രാത്രി 10.45 ന് വടകരയിൽ വള്ളിക്കാട് വച്ച്.

പിറ്റേന്ന് രാവിലെ കോഴിക്കോട്ടേക്ക് തിരിച്ചു. ഉച്ചകഴിഞ്ഞ് കോഴിക്കോട് ടൗൺ ഹാളിലെത്തി. പൊതുദർശനത്തിന് വച്ച ചന്ദ്രശേഖരന്റെ മുഖത്തേക്ക് ഒന്നേ നോക്കിയുള്ളു. ഒരു മുഖവായിരുന്നോ അത്? തലങ്ങും വിലങ്ങും തുന്നിക്കെട്ടുകൾ,മുഖമാകെ. പിന്നീടാണ് അറിഞ്ഞത്. മുഖത്തിന് ഒരാകൃതി വരുത്താൻ ഡോക്ടറന്മാർ മൂന്നര മണിക്കൂർ ഭഗീരഥപ്രയത്നം നടത്തേണ്ടി വന്നു വെന്ന്!
ചന്ദ്രശേഖരനേറ്റ 51 വെട്ടുകളിൽ 90 ശതമാനവും മുഖത്തായിരുന്നു!!

ചന്ദ്രശേഖരന്റെ മൃതദേഹവും പേറിയുള്ള വിലാപയാത്ര രാത്രി ഓർക്കാട്ടേരിയിലെത്തി. അന്തരീക്ഷത്തിൽ മുഴുവൻ തൊണ്ട പൊട്ടുമാറുച്ചത്തിൽ മുദ്രവാക്യം വിളികൾ: “ചന്ദ്രശേഖരൻ മരിക്കുന്നില്ല ജീവിക്കുന്നു നമ്മളിലൂടെ “. ഓരോ തവണ മുദ്രാവാക്യം വിളിക്കുമ്പോഴും നെഞ്ചിന് ആഞ്ഞൊരിടി കിട്ടും പോലെ!

തൊട്ട് പിറകെ സി പി എമ്മിന്റെ പ്രസ്താവന വന്നു. ചന്ദ്രശേഖരന്റെ കൊല അപലപനീയം, പാർടിക്ക് പങ്കില്ല. പിന്നെ എന്തൊക്കെ വിശദീകരണങ്ങൾ നമ്മൾ കേട്ടു .അക്ര മികളെത്തിയ ഇന്നോവ കാറിൽ “മാഷാ അള്ളാ ” എന്ന സ്റ്റിക്കർ, അത് കൊണ്ട് തീവ്രവാദ ബന്ധം;ബോംബെ വ്യവസായിക്ക് പങ്ക്;പി സി ജോർജിന് പങ്ക് എന്നിങ്ങനെയൊക്കെ.പക്ഷേ മാസങ്ങൾക്കുള്ളിൽ യഥാർത്ഥ പ്രതികൾ പിടിയിലാവുകയും, പാർട്ടി നേതാവ് പി കെ കുഞ്ഞനന്തൻ ഒളിവിൽ പോവുയും ചെയ്തതോടെ കൊലപാതകത്തിൽ സി പി എമ്മിന്റെ പങ്ക് അർത്ഥശങ്കക്കിടയില്ലാത്ത വിധം തെളിഞ്ഞു.

എരഞ്ഞിപ്പലം സെഷൻസ് കോടതിയിൽ 2013 ൽ ടി പി ചന്ദ്രശേഖരൻ കേസ് വാദം ആരംഭിച്ചതോടെ സി പി എം, കൊലപാതക കേസിലെ പ്രതികളെ സംരക്ഷിക്കാൻ സർവ്വ സന്നാഹങ്ങളുമായെത്തി.

കേസിലെ 284 സാക്ഷികളിൽ 52 പേരാണ് കൂറുമാറിയത്, അല്ല കൂറ് മാറ്റിച്ചത്.സാക്ഷികളുടെ വീടിന് മുന്നിൽ റീത്ത് കണ്ട സംഭവം പോലും ഉണ്ടായി.കേസന്വേഷണം നടക്കുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിക്കപ്പെട്ടു.

കൊടും ക്രിമിനലും കേസിൽ മൂന്നാം പ്രതിയുമായ കൊടി സുനിക്ക് വേണ്ടി ഹാജരായത് ലക്ഷങ്ങൾ ഫീസ് വാങ്ങുന്ന കേരളത്തിലെ ഏറ്റവും പ്രമുഖ ക്രിമിനൽ വക്കീൽ: ബി.രാമൻപിള്ള.പ്രതികൾക്ക് എല്ലാവർക്കും വക്കീലന്മാരെ ഏർപ്പാടാക്കിയത് പാർടി .ടി പി ചന്ദ്രശേഖരൻ കേസ് നടത്തിപ്പിന് പാർട്ടിക്ക് ചിലവായത് 3 കോടി രൂപയെന്ന് പാർട്ടിക്കകത്തുള്ളവർ പറയുന്നു.ഗൂഢാലോചന നടത്തിയ ഉന്നത നേതാക്കൾ രക്ഷപെട്ടു എങ്കിലും, കൊല നടത്തിയ പ്രതികൾ ശിക്ഷിക്കപ്പെട്ടു.

ഏതായാലും, തങ്ങളല്ലാതെ മറ്റൊരു കമ്മ്യൂണിസ്റ്റ് പാർടി സ്വതന്ത്രമായി കേരളത്തിൽ പ്രവർത്തിക്കേണ്ട എന്ന് സി പി എം തീരുമാനിച്ചു. ആർ എം പി യുടെ പ്രവർത്തകരെ സി പി എം വളഞ്ഞിട്ട് ആക്രമിച്ചു. സി പി എം 2016 ൽ അധികാരത്തിലെത്തിയതോടെ ആ ക്രമണത്തിന്റെ ശക്തി പതിന്മടങ്ങ് വർദ്ധിച്ചു. ആർ എം പി യുടെ പാർടി ഓഫീസകളും, ടി പി ചന്ദ്രശേഖരന്റെ സ്തൂപങ്ങളും പോലും ആക്രമിക്കപ്പെട്ടു. പ്രവർത്തകർക്കെതിരെ നൂറ് കണക്കിന് കള്ള കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. ചന്ദ്രശേഖരന്റെ വിധവ രമ സാമൂഹ്യ മാധ്യമത്തിൽ അവഹേളിക്കപ്പെട്ടു, അപകീർത്തിക്ക് വിധേയയായി.

പക്ഷേ ആർ എം പി യുടെ പ്രവർത്തകർ കീഴടങ്ങാൻ തയ്യാറല്ലായിരുന്നു. അവർ ചന്ദ്രശേഖരന്റെ യുടെ പോരാട്ട വീറിന്റെ ഊർജ്ജം ഉൾക്കൊണ്ട് ചെറുത്തു നിന്നു.പരാജയം സമ്മതിച്ച് പിന്മാറാൻ അവർ തയ്യാറല്ലായിരന്നു.

ടി പി ചന്ദ്രശേഖരൻ രക്തസാക്ഷിത്തം വരിച്ച് ഇന്ന് ഏഴ് വർഷം തികയുമ്പോൾ ആർ എം പി, ആർ എം പി ഐയാണ് ( റവല്യൂഷണറി മാർക്സിസ്റ്റ് പാർടി ഓഫ് ഇന്ത്യ). പഞ്ചാബിൽ സി പി എമ്മിനേക്കാൾ ശക്തിയുണ്ട് ആർ എം പി ഐ ക്ക്.

ഇന്ന് ഈ പാർടിക്ക് കേരളം അംഗീകരിക്കുന്ന, ആദരിക്കുന്ന ഒരു വനിതാ നേതാവുണ്ട്, കെ കെ രമ.
കേരളത്തിലെ മറ്റേതൊരു വനിതാ നേതാവിനെക്കാളും പോരാട്ട വീര്യവും ആർജ്ജവവും ഈ വനിതാ നേതാവിനുണ്ട്. ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ രമയെ പ്രതിരോധിക്കാൻ സി പി എം സംസ്ഥാന സെക്രട്ടറിക്ക് തന്നെ രംഗത്തിറങ്ങേണ്ടി വന്നു.തെരഞ്ഞെടുപ്പിൽ മലബാറിലാകെ കൊലപാതക രാഷ്ട്രീയം ചർച്ചയാക്കുന്ന ക്യാമ്പെയ്ൻ നടന്നത് രമയുടെ നേതൃത്വത്തിലായിരുന്നു.രമക്ക് പിന്തുണയുമായി വേണുവും, ഹരിഹരനും, പ്രകാശനും ഉൾപ്പെടുന്ന, ആത്മാർത്ഥതയും ആർജ്ജവവും കൈമുതലായുള്ള മറ്റ് നേതാക്കളും രംഗത്തുണ്ട്.ഇവർക്ക് പുറത്ത് നിന്ന് എല്ലാ പിന്തുണയുമായി കവിയും ചിന്തകനുമായ കെ സി ഉമേഷ് ബാബുവും ഒപ്പമുണ്ട്.

ചന്ദ്രശേഖരന്റെ അരുംകൊലയോടെ സി പി എമ്മിന്റെ തകർച്ചയുടെ ആക്കം പതിന്മടങ്ങ് വർദ്ധിച്ചതും നാം കാണാതിരുന്നു കൂട.2014 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ സി പി എമ്മിന് തിരിച്ചടിയേൽക്കാനുള്ള ഏറ്റവും പ്രധാന കാരണം ടി പി വധമായിരുന്നു. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിലും ടി പി വധം പ്രധാന പ്രചരണായുധമായിരുന്നു.

2019ലെ ലോകസഭാ തെരഞ്ഞെടുപ്പ് ഫലം സി പി എമ്മിന് കടുത്ത പ്രതിസന്ധികൾ സമ്മാനിക്കുമെന്ന് ഉറപ്പാണ്.

ഈ പശ്ചാത്തലത്തിൽ ആർ എം പി ഐ ക്ക് കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ ഭാവിയിൽ വലിയ പങ്ക് വഹിക്കാനുണ്ട്.

ധീര രക്തസാക്ഷി ടി പി ചന്ദ്രശേഖരന്റെ ഏഴാം രക്തസാക്ഷി ദിനത്തിൽ, ആ സഖാവിന്റെ പോരാട്ട വീറും ഉയർന്ന കമ്മ്യൂണിസ്റ്റ് ബോധവും, വിട്ട് വീഴ്ചയില്ലാത്ത നിലപാടുകളും കൈമുതലാക്കി, ജനകീയ വിഷയങ്ങളിൽ സജീവമായി ഇടപെട്ട്, വൻതോതിൽ ജനങ്ങളെ സംഘടിപ്പിച്ച് മുന്നേറാൻ കഴിഞ്ഞാൽ, ആർ എം പി ഐ ക്ക് കേരളത്തിന്റെ ഭാവി രാഷ്ട്രീയത്തിൽ വലിയ പങ്ക് വഹിക്കാൻ കഴിയും.

എനിക്ക് ഇന്നും ആ ദിവസം കൃത്യമായി ഓർമ്മയുണ്ട്. 2012 മെയ് 4. ഒരുറക്കം കഴിഞ്ഞു കാണും. രാത്രി ഏതാണ്ട് 11 മണിയോടെ മൊബൈൽ ഫോൺ…

Posted by KM Shajahan on Saturday, May 4, 2019