കൂട്ടുകാരിയുടെ വീട്ടിൽ പോകാനിറങ്ങിയ യുവതി പല്ലനയാറ്റിൽ വീണ് മരിച്ച നിലയില്‍

single-img
5 May 2019

ഹരിപ്പാട്: പല്ലനയാറ്റിൽ വീണ് യുവതി മരിച്ചു. ചങ്ങനാശേരി തെങ്ങണ ഗോപിക നിവാസിൽ ശശികുമാർ – രത്നമ്മ ദമ്പതികളുടെ മകൾ ഗോപിക (24)യാണ് മരിച്ചത്. ഇന്ന് വൈകുന്നേരം പല്ലന കുമാരനാശാൻ സ്മാരകത്തിന് സമീപം കടവിൽ ചെരുപ്പും മൊബൈൽ ഫോണും കണ്ടതിനെ തുടർന്ന് നാട്ടുകാരും പോലീസും, അഗ്നി ശമന സേനയും സ്ഥലത്ത് എത്തി നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

ഗോപിക മാതാവിനൊപ്പം ചങ്ങനാശേരിയിൽ നിന്നും സ്കൂട്ടറിലാണ് ഇവിടെ എത്തിയത്. മണ്ണാറശ്ശാല ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം കാട്ടിൽ മാർക്കെറ്റിൽ ബന്ധുവിന്റെ വീട്ടിൽ എത്തുകയും കൂട്ടുകാരിയുടെ വീട്ടിൽ പോകാനാണെന്നു പറഞ്ഞു ഗോപിക അവിടെ നിന്നും ഇറങ്ങുകയായിരുന്നു.

പിന്നീട് യുവതിയെ ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല. നദിയുടെ കടവിന് സമീപത്തു തന്നെ സ്കൂട്ടര്‍ കാണപ്പെട്ടതോടെ സംശയം തോന്നുകയായിരുന്നു. മൃതദേഹം നിലവിൽ ഹരിപ്പാട് ഗവണ്മെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.