ആറുവർഷമായി മകളെ പീഡിപ്പിക്കുന്നു: 40-കാരനായ പിതാവ് അറസ്റ്റിൽ

single-img
5 May 2019

ലഖ്‌നൗ: ആറു വര്‍ഷത്തോളം സ്വന്തം മകളെ ബലാത്സംഗം ചെയ്ത പിതാവ് അറസ്റ്റില്‍. ഉത്തർ പ്രദേശിലെ ഫിറോസാബാദ് ജില്ലയിലുള്ള നഗ്ല പൻസാഹേ ഗ്രാമത്തിലാണ് സംഭവം. ആറു വർഷമായി തന്നെ ലൈംഗിക ചൂഷണത്തിനു വിധേയയാക്കിയിരുന്ന 40-വയസുള്ള പിതാവിനെതിരെ 19-വയസുകാരിയായ മകൾ പൊലീസിൽ പരാതി നൽകിയത്.

പിതാവിന്‍റെ നിരന്തര പീഡനത്തില്‍ പെണ്‍കുട്ടി മൂന്നു തവണ ഗര്‍ഭിണിയാകുകയും രണ്ടു തവണ പിതാവ് നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയമാക്കുകയും ചെയ്തിട്ടുണ്ട്. പെണ്‍കുട്ടി അച്ഛനില്‍ നിന്നും ഗർഭം ധരിച്ച് രണ്ടുമാസം മുന്‍പ് പ്രസവിക്കുകയും ചെയ്തു.

എന്നാല്‍ വെള്ളിയാഴ്ച ഓട്ടോ ഡ്രൈവര്‍ കൂടിയായ പിതാവ് വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെ പെണ്‍കുട്ടി പ്രതിഷേധിച്ചു. പോലീസിനെ വിളിക്കുകയും ചെയ്തു. ഇതോടെയാണ് പിതാവ് അറസ്റ്റിലായത്.

മകള്‍ പീഡനത്തിന് ഇരയാകുന്നുണ്ടെന്ന കാര്യം അമ്മയ്ക്കും അറിവുണ്ടായിരുന്നു. എന്നാല്‍ ഭയവും ഭര്‍ത്താവിന്‍റെ ഉപദ്രവവും സമൂഹത്തില്‍ നിന്നു നേരിടുന്ന അപമാനവും കാരണം അമ്മ ഇതെല്ലാം മറച്ചുവയ്ക്കുകയായിരുന്നു. അമ്മ ഒരിക്കലും പോലീസില്‍ പരാതിപ്പെടാന്‍ തയ്യാറായില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.


പെണ്‍കുട്ടി പ്രസവിച്ചതോടെ പെണ്‍കുട്ടിയുടെ കാമുകനെക്കൊണ്ട് പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചു. ഏതാനും ദിവസം ഭര്‍തൃവീട്ടില്‍ താമസിച്ച ശേഷം മാതാപിതാക്കളുടെ അടുത്ത് കുറച്ചുദിവസം താമസിക്കാന്‍ എത്തിയതായിരുന്നു പെണ്‍കുട്ടി. ഈ സമയമാണ് പിതാവ് വീണ്ടും മകളെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്.  പിതാവിനെതിരെ മനപൂര്‍വ്വം ഉപദ്രവിക്കല്‍, ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു.

പെൺകുട്ടിയുടെ ഭർത്താവിന് തന്റെ ഭാര്യയെ സ്വന്തം പിതാവ് ലൈംഗിക ചൂഷണത്തിനു വിധേയമാക്കിയിരുന്ന കാര്യം അറിവുണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു. എങ്കിലും വിവാഹബന്ധം തുടരാനും കുട്ടിയേ ഏറ്റെടുത്ത് വളർത്താനും ഇയാൾ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെനും പൊലീസ് വൃത്തങ്ങൾ അറിയിക്കുന്നു.

പെൺകുട്ടിയുടെ പിതാവിനെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 323,376,506 എന്നീ വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുള്ളതായി പൊലീസ് അറിയിച്ചു.