പ്രണയിക്കുന്നവർക്ക് ഇതാ ഒരു സന്തോഷ വാർത്ത; ഓൺലൈൻ ഡേറ്റിങ് സാധ്യതകൾ ഉപയോഗപ്പെടുത്താൻ ഫേസ്ബുക്ക് ഒരുങ്ങുന്നു

single-img
5 May 2019

ഓൺലൈൻ സൈറ്റുകളിൽ എന്നും ആളുകള്‍ ഇടിച്ച് കയറുന്ന ഡേറ്റിംഗ് ആപ്പുകള്‍ തങ്ങളുടെ പ്ലാറ്റ്ഫോമില്‍ എത്തിക്കാന്‍ ഫേസ്ബുക്ക് ശ്രമം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കഴിഞ്ഞ തവണ നടന്ന എഫ്8 കോണ്‍ഫ്രന്‍സില്‍ ഫേസ്ബുക്ക് ഇത് സംബന്ധിച്ച് പ്രഖ്യാപനവും നടത്തിയെങ്കിലും കാര്യത്തില്‍ വലിയ പുരോഗതി ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോഴിതാ, തങ്ങളുടെ ഡെസ്ക്ടോപ്പ് പതിപ്പ് വലിയ തോതില്‍ മാറ്റും എന്നാണ് ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെ പ്രഖ്യാപിച്ചത്.

ഈ പ്രഖ്യാപനത്തിന്റെ ചുവടുപറ്റി ഫീച്ചറായി സീക്രട്ട് ക്രഷസ് എത്തുമെന്നാണ് ഇപ്പോള്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ നേരത്തെ തന്നെ ജനപ്രീതി നേടിയിട്ടുള്ള ഓൺലൈൻ ഡേറ്റിങ് സാധ്യതകൾ ഉപയോഗപ്പെടുത്താനാണ് ഫേസ്ബുക്ക് ആലോചിക്കുന്നത്. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ നെറ്റ്‌വർക്കായ ഫേസ്ബുക്കിലൂടെ ഡേറ്റിങ് വിജയിക്കുമെന്നു തന്നെയാണ് മാർക്ക് സുക്കർബർഗ് കരുതുന്നത്.

നിങ്ങളുടെ ഫ്രണ്ട്സ് ലിസ്റ്റിൽ ആരെങ്കിലും പ്രണയിക്കുന്നുണ്ടോ എന്ന് സീക്രട്ട് ക്രഷിലൂടെ മനസ്സിലാക്കാൻ സാധിക്കും. ഈ സേവനം ലഭിക്കണമെങ്കിൽ ഉപയോഗിക്കുന്നവർ 18 വയസിനു മുകളിമുകളിലാകണം എന്ന് മാത്രമാണ് നിബന്ധന. സേവനം തികച്ചും സൗജന്യമായിരിക്കുമെന്നും പരസ്യങ്ങളുടെ ശല്യമുണ്ടാവില്ലെന്നുമാണ് ഫേസ്ബുക്ക് അവകാശപ്പെടുന്നത്. എന്നാൽ നിങ്ങൾ പണം നൽകാൻ തയ്യാറായാൽ കൂടുതൽ സേവനങ്ങൾ നൽകുന്ന സീക്രട്ട് ക്രഷും പതിപ്പും ഫേസ്ബുക്ക് തുടങ്ങിയേക്കും.

ഒരാൾക്ക് അയാളുടെ ഫ്രണ്ട് ലിസ്റ്റിൽ നിന്ന് ഒൻപത് പേരെയാണ് സീക്രട്ട് ക്രഷായി തിരഞ്ഞെടുക്കാൻ അവസരം.
നിങ്ങൾ ഫ്രണ്ട് ലിസ്റ്റിലെ ഒരാളെ സീക്രട്ട് ക്രഷായി തിരഞ്ഞെടുക്കുമ്പോൾ ആ വ്യക്തിക്കും ഫേസ്ബുക്ക് നോട്ടിഫിക്കേഷൻ അയക്കും. അതായത്, പ്രണയം നേരിട്ട് പറയാൻ മടിക്കുന്നവര്‍ക്ക് അക്കാര്യം മറ്റൊരു വഴിക്ക് അറിയിക്കാനുള്ള സൗകര്യമാണ് ഫേസ്ബുക്ക് ഒരുക്കുന്നത്.