മാധ്യമ പ്രവർത്തകരെ കോഴ നൽകി സ്വാധീനിക്കാൻ ബിജെപി ശ്രമിക്കുന്നു: ആരോപണവുമായി ലേ പ്രസ് ക്ലബ്ബ്

single-img
5 May 2019

ലേ/ലഡാഖ്: തങ്ങൾക്കനുകൂലമായി വാർത്ത നൽകുന്നതിനായി ബിജെപി നേതാക്കൾ മാധ്യമ പ്രവർത്തകർക്ക് കോഴ നൽകാൻ ശ്രമിച്ചതായി ആരോപിച്ച് ലേ പ്രസ് ക്ലബ്ബ് അധികൃതർ രംഗത്ത്. ബിജെപി യുടെ ജമ്മു കശ്മീർ സംസ്ഥാന അദ്ധ്യക്ഷൻ രവീന്ദർ റൈനയ്ക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ആരോപണത്തിന്മേൽ ജില്ലാ തെരെഞ്ഞെടുപ്പ് വരണാധികാരി അന്വേഷണം പ്രഖ്യാപിച്ചു.

വ്യാഴാഴ്ച ലേയിലെ ഹോട്ടൽ സിംഗെ പാലസിൽ വെച്ച് നടത്തിയ പത്രസമ്മേളനത്തിനു ശേഷം രവീന്ദർ റൈനയും എംഎൽഎയായ വിക്രം രൺധവയുമടക്കമുള്ള ബിജെപി നേതാക്കൾ ചില മാധ്യമ റിപ്പോർട്ടർമാർക്ക് കവറുകളിലിട്ട് പണം കൈമാറാൻ ശ്രമിച്ചതായാണ് പരാതി. തെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് പുറത്തുവരുന്ന വാർത്തകളെ സ്വാധീനിക്കുവാനാണ് അവർ ഇപ്രകാരം ചെയ്തതെന്നാണ് മാധ്യമപ്രവർത്തകർ ആരോപിക്കുന്നത്.

“ഞങ്ങൾ അവരുടെ പണം സ്വീകരിച്ചില്ല. പക്ഷേ ഈ സംഭവം ഞങ്ങൾക്ക് വേദനയുണ്ടാക്കി.” ബിജെപി തെരെഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് മാധ്യമപ്രവർത്തകർ തെരെഞ്ഞെടുപ്പ് കമ്മീഷനു നൽകിയ പരാതിയിൽ പറയുന്നു.

ഒരു മുതിർന്ന ബിജെപി നേതാവ് താനടക്കം നാലു മാധ്യമപ്രവർത്തകർക്ക് ഒരോ കവർ കൈമാറിയെന്നും ഹാളിൽ വെച്ച് അത് തുറക്കരുതെന്ന് ആവശ്യപ്പെട്ടെന്നും ലേ പ്രസ് ക്ലബ്ബിലെ അംഗമായ റിഞ്ചൻ അങ്മോ എന്ന മാധ്യമപ്രവർത്തക പറയുന്നു.

“എനിക്ക് സംശയം തോന്നിയതുകൊണ്ട് ഞാൻ കവർ തുറന്നു നോക്കി. അതിനുള്ളിൽ കുറച്ച് അഞ്ഞൂറു രൂപ നോട്ടുകൾ ഉണ്ടായിരുന്നു. ഞാനത് തിരിച്ചുകൊടുത്തപ്പ്ല് അയാൾ വാങ്ങാൻ തയ്യാറായില്ല്. പിന്നീട് ഞാനത് അവരുടെ മേശപ്പുറത്ത് വെച്ചിട്ട് പോയി.” റിഞ്ചൻ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

തെരെഞ്ഞെടുപ്പ് കമ്മീഷനു പുറമേ പൊലീസിലും തങ്ങൾ പരാതി കൊടുത്തിട്ടുണ്ടെന്നും റിഞ്ചൻ പറഞ്ഞു. എന്നാൽ ബിജെപി നേതാക്കൾ ഈ ആരോപണം നിഷേധിച്ചു. ബിജെപി ഒരിക്കലും ഇത്തരത്തിൽ കോഴ നൽകില്ലെന്നും മാധ്യമപ്രവർത്തനത്തെ മഹത്തായ ഒരു ജോലിയായാണ് ബിജെപി കാണുന്നതെന്നുമാണ് അവരുടെ പ്രതികരണം.

വിഷയത്തിൽ അന്വേഷണത്തിനുത്തരവിട്ടതായി ജില്ലാ തെരെഞ്ഞെടുപ്പ് ഓഫീസർ ആൻവി ലവാസ പറഞ്ഞു.

ബിജെപിയുടെ ത്സെറിംഗ്, കോൺഗ്രസിന്റെ റിഗ്സിൻ സപ്ല്ബാർ,നാഷണൽ കോൺഫറൻസ് പിന്തുണയ്ക്കുന്ന സജ്ജാദ് ഹുസൈൻ, സ്വതന്ത്ര സ്ഥാനാർത്ഥി അസ്ഗർ അലി കർബലൈ എന്നിവർ തമ്മിൽ ശക്തമായ ചതുഷ്കോണ മത്സരമാണ് ലഡാഖിലുള്ളത്.