ബിജെപി ജയിച്ചാലും രാമക്ഷേത്രം നിർമ്മിക്കില്ല; രാമക്ഷേത്രം നിർമ്മിച്ചാൽ പിന്നെ എന്തുപറഞ്ഞ് വോട്ട് പിടിക്കും: ആചാര്യ പ്രമോദ് കൃഷ്ണന്‍

single-img
5 May 2019

ബിജെപി ജയിച്ചാലും അയോധ്യയിൽ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ പോകുന്നില്ലെന്നു ബിജെപിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആചാര്യ പ്രമോദ് കൃഷ്ണന്‍. രാമക്ഷേത്രം ഇപ്പോള്‍ നിര്‍മ്മിക്കാമെന്ന് പറഞ്ഞ് വോട്ടു പിടിക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്നും നിര്‍മ്മിച്ചാല്‍ അതിന്റെ പേരില്‍ വോട്ടു പിടിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രം നിര്‍മ്മിക്കാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിന് ഓര്‍ഡിനന്‍സ് കൊണ്ടു വന്നാല്‍ മാത്രം മതി. കോണ്‍ഗ്രസിന് എതിര്‍ക്കാനാകില്ല എന്നറിയാമായിരുന്നിട്ട് പോലും എന്തുകൊണ്ടാണ് ബിജെപി ഓര്‍ഡിനന്‍സ് കൊണ്ടു വരാത്തതെന്നും ചോദിച്ചു.രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ ബിജെപി ഭക്തരെ വഞ്ചിക്കുകയാണ്. രാമക്ഷേത്രം ഒരിക്കലും നിര്‍മ്മിക്കാന്‍ പോകുന്നില്ല. നിര്‍മ്മിച്ചാല്‍ പിന്നെ വോട്ടുപിടിക്കാനാകില്ല.

മതത്തിന്റെ പേരുപറഞ്ഞ് വോട്ടു ചോദിക്കുന്ന അവര്‍ അധികാരത്തില്‍ എത്തിയാല്‍ പിന്നെ മതത്തെ മറക്കുകയും രാജ്യത്തെ വഞ്ചിക്കുകയും ചെയ്യും. കള്ളം മാത്രം പറഞ്ഞ് അധികാരത്തില്‍ എത്തുന്നവരാണ് ബിജെപി. ബാലാക്കോട്ടില്‍ തീവ്രവാദി ക്യാമ്പുകള്‍ക്ക് നേരെ വ്യോമാക്രമണം നടത്തിയത് ഇന്ത്യന്‍ സൈന്യമാണ്. നരേന്ദ്രമോദിയല്ല. എന്നാല്‍ പാകിസ്താന്റെ പേരു പറഞ്ഞ് ബിജെപിയും മോഡിയും വ്യോമാക്രമണത്തെ രാഷ്ട്രീയവല്‍ക്കരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.