തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം തള്ളി എന്‍ ടി ആര്‍ സിനിമ പ്രദര്‍ശിപ്പിച്ചു; ആന്ധ്രയിലെ മൂന്ന് തിയേറ്ററുകള്‍ ജില്ലാ ഭരണകൂടം പിടിച്ചെടുത്തു

single-img
4 May 2019

ഹൈദരാബാദ്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് വകവെയ്ക്കാതെ എന്‍ടിആര്‍ സിനിമ പ്രദര്‍ശിപ്പിച്ച തിയേറ്ററുകള്‍ ആന്ധ്രയിൽ പിടിച്ചെടുത്തു. ആന്ധ്ര പ്രദേശിലെ കടപ്പ ജില്ലയിലെ മൂന്ന് തിയേറ്ററുകളാണ് ജില്ലാ ഭരണകൂടം പിടിച്ചെടുത്തത്. ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച് പെരുമാറ്റം ചട്ടം നിലവില്‍ വന്നതിനാല്‍ രാംഗോപാൽ വർമ്മ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ പ്രദര്‍ശനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞിരുന്നു.

സിനിമ പ്രദര്‍ശിപ്പിച്ച തിയേറ്ററുകള്‍ക്ക് റവന്യൂ അധികൃതര്‍ താക്കീത് നല്‍കുകമാത്രമാണ് ആദ്യം ചെയ്തത് എങ്കിലും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഗോപാല്‍ കൃഷ്ണ ദ്വിവേദി തിയേറ്ററുകള്‍ക്ക് എതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തിയേറ്ററുകൾ പിടിച്ചെടുത്തതിന് പുറമെ കടപ്പ ജില്ല ജോയിന്റ് കലക്ടര്‍ക്കെതിരെ നടപടിയെടുക്കാനും ഗോപാല്‍ കൃഷ്ണ ദ്വിവേദി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആന്ധ്രയ്ക്ക് പുറമെ തെലങ്കാനയില്‍ ചിത്രം കഴിഞ്ഞ മാസം തന്നെ റിലീസ് ചെയ്തിരുന്നു. ആന്ധ്രയിൽ മെയ് മാസം റിലീസ് ചെയ്യാനായിരുന്നു തീരുമാനമെങ്കിലും ചിത്രത്തിന്റെ റിലീസിന് അനുമതി നല്‍കിയിരുന്നില്ല.