ഉസാമ ബിൻ ലാദന്‍റെ ചിത്രം കാറിൽ പതിച്ചത് സ്വന്തം ഇഷ്ടപ്രകാരം; സംശയാസ്പദമായ ഒന്നും കണ്ടെത്താനാകാതെ പോലീസ്

single-img
4 May 2019

കൊല്ലം: കൊല്ലപ്പെട്ട ഭീകരവാദിയും അൽ ഖായിദയുടെ തലവനുമായിരുന്ന ഉസാമ ബിൻ ലാദന്‍റെ ചിത്രം കാറില്‍ പതിച്ച യുവാവിനെ പോലീസ് ചോദ്യം ചെയ്തു. ഇയാൾ സ്വയം നിര്‍മിച്ച ഉസാമ ബിൻ ലാദന്‍റെ ചിത്രം സ്വന്തം ഇഷ്ടപ്രകാരമാണ് കാറില്‍ പതിച്ചതെന്ന് വെളിപ്പെടുത്തി. പോലീസ് യുവാവിന്‍റെ കുടുംബ പശ്ചാത്തലവും ബന്ധങ്ങളും പരിശോധിച്ചപ്പോള്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

റോഡിലൂടെ പോകവേ ലാദന്‍റെ ചിത്രം പതിച്ച കാര്‍ കഴിഞ്ഞ ദിവസമാണ് കൊല്ലം നഗരത്തിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തത്. വാഹനത്തിന്റെ ഉടമയും പള്ളിമുക്ക് സ്വദേശിയുമായ ബിരുദ വിദ്യാര്‍ഥിയെ കൊല്ലം സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തു.

പശ്ചിമ ബംഗാളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കാര്‍ ഒരു വര്‍ഷം മുന്‍പ് കൊല്ലത്ത് തന്നെയുള്ള ഒരു സുഹൃത്തിന്‍റെ പക്കല്‍ നിന്നു വാങ്ങിയതാണെന്നാണ് മൊഴി. ഇയാൾക്ക് കാര്‍ വിറ്റ സുഹൃത്തിനെയും ഉടന്‍ ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി.