ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിന് കര്‍ശന സുരക്ഷ; പൂരത്തിനെത്തുന്നവർ സഞ്ചികളും ബാഗുകളും കൊണ്ടുവരരുത്

single-img
4 May 2019

ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിന്‍റെ സുരക്ഷ ക‌ർശനമാക്കാൻ തീരുമാനിച്ചിട്ടുണ്ട് എന്ന് മന്ത്രി വി എസ് സുനിൽ കുമാർ. പൂരത്തിന്‍റെ പകിട്ടിനും ഗമയ്ക്കും ഒട്ടും കുറവില്ലാതെ തന്നെ ഇത്തവണയും മുൻ വർഷങ്ങളിലേതുപോലെ ആചാര പ്രകാരം ആർഭാടമായി തന്നെ തൃശൂർ പൂരം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

സുരക്ഷാ മുൻകരുതൽ വർദ്ധിപ്പിക്കുമെങ്കിലും പൂര പ്രേമികൾക്ക് മേൽ യാതൊരു നിയന്ത്രണവും ഏർപ്പെടുത്തില്ല. എന്നാൽ, പൂരത്തിനെത്തുന്നവർ സഞ്ചികളും ബാഗുകളും കൊണ്ടുവരരുതെന്ന് നിർദ്ദേശം നൽകും. സുരക്ഷയ്ക്കുവേണ്ടി കൂടുതൽ സിസിടിവികളും പൊലീസ്, ഫയർഫോഴ്സ് സംവിധാനങ്ങളും വിന്യസിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പൂരത്തിന്റെ ആകർഷണമായ വെടിക്കെട്ടും ഉണ്ടാകും. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ട്, വെടിക്കെട്ട് കാണാനെത്തുന്നവർക്ക് ഒരു ബുദ്ധിമുട്ടുമില്ലാതെ തന്നെ ഏല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.