‘അദ്ദേഹം ശുദ്ധനുണയന്‍; ദ്രാവിഡിനെ തെറിവിളിച്ചിട്ടില്ല’; ആരോപണങ്ങള്‍ തള്ളി ശ്രീശാന്ത്

single-img
4 May 2019

എസ്. ശ്രീശാന്ത് തന്നെയും രാഹുല്‍ ദ്രാവിഡിനെയും ചീത്ത വിളിച്ചിട്ടുണ്ടെന്ന രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍ പരിശീലകന്‍ പാഡി അപ്ടന്റെ ആരോപണങ്ങള്‍ തള്ളി ശ്രീശാന്ത് രംഗത്ത്. അദ്ദേഹം ശുദ്ധനുണയനാണെന്നും ഒരാളെപ്പോലും താന്‍ അസഭ്യം പറഞ്ഞിട്ടില്ലെന്നും ശ്രീശാന്ത് പ്രതികരിച്ചു.

30 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള പേരിനുവേണ്ടി എന്തും പറയാമെന്നാണെങ്കില്‍ അപ്ടണ് അതാകാം. ഇന്നുവരെ അദ്ദേഹേത്താട് എനിക്ക് ആദരവായിരുന്നു. ഈ വാക്കുകള്‍ പക്ഷേ, നിരാശപ്പെടുത്തി. സ്വന്തത്തെ വില്‍പന നടത്തി മറ്റുള്ളവരെ ചിരിപ്പിക്കുന്നത് അപ്ടണ്‍ നിര്‍ത്തണമെന്നും ശ്രീശാന്ത് പറഞ്ഞു.

ഐ.പി.എല്‍ മത്സരങ്ങള്‍ക്കിടെ ഒരുതവണ പുറത്തിരുത്തേണ്ടിവന്നതിനാണ് ശ്രീശാന്ത് പൊട്ടിത്തെറിക്കുന്നതും നായകന്‍ ദ്രാവിഡിനെയും കോച്ചിനെയും അസഭ്യം പറഞ്ഞതെന്നുമായിരുന്നു ‘ദ് ബെയര്‍ഫൂട്ട് കോച്ച്’ എന്ന പുസ്തകത്തില്‍ അപ്ടണ്‍ പറഞ്ഞിരുന്നത്.

മോശം പെരുമാറ്റത്തിനാണ് ആ കളിയില്‍ ശ്രീശാന്തിനെ പുറത്തിരുത്തിയതെന്ന് അപ്ടണ്‍ പറയുന്നു. ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് അറസ്റ്റിന് 24 മണിക്കൂര്‍ മുമ്പ് നാട്ടിലേക്ക് മടങ്ങാന്‍ മലയാളി താരത്തോട് പറഞ്ഞിരുന്നതായും പുസ്തകത്തിലുണ്ട്.