‘അന്ന് എന്റെ വോട്ടും മറ്റാരോ ചെയ്തു’: കള്ളവോട്ടിനെക്കുറിച്ച് നടന്‍ ശ്രീനിവാസന്‍

single-img
4 May 2019

മുപ്പതു കൊല്ലം മുമ്പ് ചെന്നൈയില്‍ നിന്ന് വോട്ട് ചെയ്യാനെത്തിയപ്പോള്‍ മറ്റാരോ തനിക്കു മുമ്പ് തന്റെ വോട്ട് ചെയ്തിരുന്നുവെന്ന് നടന്‍ ശ്രീനിവാസന്‍. കേരളത്തില്‍ കള്ളവോട്ട് വിവാദം കൊടുമ്പിരി കൊണ്ടിരിക്കെയാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് തനിക്കുണ്ടായ അനുഭവം ശ്രീനിവാസന്‍ തുറന്നു പറഞ്ഞത്.

‘മുപ്പതു വര്‍ഷം മുമ്പ് ഒരു തിരഞ്ഞെടുപ്പ് കാലത്ത് വോട്ട് ചെയ്യാനായി ചെന്നൈയില്‍ നിന്ന് നാട്ടിലെത്തി. പക്ഷേ ഞാന്‍ വോട്ട് ചെയ്യുന്നതിനു മുമ്പ് തന്നെ മറ്റാരോ ആ വോട്ട് രേഖപ്പെടുത്തി. സ്വാധീനമുള്ള മേഖലകളില്‍ അതത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇത്തരത്തിലൊക്കെ ചെയ്യാറുണ്ട്’ ശ്രീനിവാസന്‍ പറഞ്ഞു.

അതേസമയം, ചാലക്കുടിയില്‍ ഇന്നസെന്റിന് ജയസാധ്യത ഉണ്ടെന്നു പറഞ്ഞ താരം തൃശൂരില്‍ സുരേഷ് ഗോപി വോട്ട് പിടിക്കുമെന്നും പറഞ്ഞു. ഞാന്‍ പ്രകാശന്‍ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ശ്രീനിവാസന്‍ അഭിനയിക്കുന്ന കുട്ടിമാമ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ വേളയിലാണ് താരം തിരഞ്ഞെടുപ്പ് ഓര്‍മകള്‍ പങ്കു വച്ചത്.