‘ലങ്കയില്‍ ആക്രമണം നടത്തിയ തീവ്രവാദികള്‍ കേരളത്തിൽ എത്തി’

single-img
4 May 2019

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ 250-ലേറെ പേരുടെ മരണത്തിനിടയാക്കിയ ബോംബാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ കേരളത്തിലും കശ്മീരിലും എത്തിയിരുന്നുവെന്ന് ലങ്കന്‍ സൈനിക മേധാവി ലഫ്. ജനറല്‍ മഹേഷ് സേനാനായകെ വ്യക്തമാക്കി. ലങ്കന്‍ ആക്രമണത്തില്‍ കേരളബന്ധം ശ്രീലങ്കന്‍ സേന സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്. ബിബിസിക്കു നല്‍കിയ അഭിമുഖത്തിലാണ് ലങ്കന്‍ കരസേനാ മേധാവി ഇക്കാര്യം വ്യക്തമാക്കിയത്.

തീവ്രവാദികളായ ചിലർ ഇന്ത്യയിലെത്തുകയും ബെംഗളൂരു, കശ്മീർ, കേരളം എന്നിവിടങ്ങളിൽ യാത്ര ചെയ്യുകയും ചെയ്തതായി വിവരം ലഭിച്ചിട്ടുണ്ട്. തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള പരിശീലനം നേടുന്നതിനോ മറ്റു തീവ്രവാദ സംഘടനകളുമായി ബന്ധപ്പെടുന്നതിനോ ആയിരിക്കാം ഇവർ ഇവിടങ്ങൾ സന്ദർശിച്ചതെന്നാണ് കരുതുന്നതെന്നും സൈനിക മേധാവി പറഞ്ഞു.

ശ്രീലങ്കയിലെ ഭീകരാക്രമണത്തെ തുടർന്ന് കേരളം അടക്കമുള്ള സ്ഥലങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി പരിശോധനകൾ നടത്തിയിരുന്നു. കേരളത്തിൽനിന്ന് ഒരാളെ അറസ്റ്റ് ചെയ്യകയും ഏതാനും പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇവർക്ക് ആഗോള ഭീകരസംഘടനയായ ഐഎസുമായി ബന്ധമുള്ളതായി എൻഐഎ കണ്ടെത്തിയിരുന്നു. എന്നാൽ, ഇതു സംബന്ധിച്ച് ആദ്യമായാണ് ശ്രീലങ്കയുടെ ഭാഗത്തുനിന്ന് സ്ഥിരീകരണമുണ്ടാകുന്നത്.

സ്‌ഫോടനത്തിനു നേതൃത്വം നല്‍കിയവര്‍ നടത്തിയ യാത്രകള്‍ പരിശോധിച്ചാല്‍ ആക്രമണത്തിനു രാജ്യാന്തര സഹായം ലഭിച്ചിട്ടുണ്ടെന്നു വിലയിരുത്താന്‍ കഴിയുമെന്നും ലഫ്. ജനറല്‍ മഹേഷ് സേനാനായകെ പറഞ്ഞു.

രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരം ക്രോഡീകരിക്കുന്നതിലും നടപടിയെടുക്കുന്നതിലും പറ്റിയ വീഴ്ചയ്ക്ക് രാഷ്ട്രീയനേതൃത്വം ഉള്‍പ്പെടെ എല്ലാവരും ഉത്തരവാദികളാണ്. കഴിഞ്ഞ പത്തു വര്‍ഷമായി ആവോളം സ്വാതന്ത്ര്യവും സമാധാനവും കളിയാടുന്ന രാജ്യമായതുകൊണ്ടാവാം ശ്രീലങ്ക ആക്രമണത്തിനു തിരഞ്ഞെടുത്തത്. 30 വര്‍ഷത്തെ സംഭവങ്ങള്‍ ജനം മറന്നു കഴിഞ്ഞിരുന്നു. സ്വാതന്ത്ര്യം ആസ്വദിച്ച ജനങ്ങള്‍ സുരക്ഷ അവഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.