റഫാൽ വിധി പുനഃപരിശോധിക്കരുത്: സുപ്രീംകോടതിയിൽ കേന്ദ്രസർക്കാരിന്‍റെ പുതിയ സത്യവാങ്മൂലം

single-img
4 May 2019

റഫാൽ കേസിൽ സുപ്രീം കോടതിയിൽ കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലം. സർക്കാരിന് ക്ലീൻ ചിറ്റ് നൽകിയ വിധി പുനപ്പരിശോധിക്കേണ്ടതില്ലെന്നും മോഷ്ടിച്ച രേഖകളുടെ അടിസ്ഥാനത്തിലുള്ള ഫയൽ കുറിപ്പുകളാണ് പുറത്തുവന്നതെന്നും സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കുന്നു. ഹർജി തള്ളണമെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നു.

അറ്റോർണി ജനറൽ കെ കെ വേണുഗോപാലാണ് കേന്ദ്രസർക്കാരിന് വേണ്ടി സത്യവാങ്മൂലം സമർപ്പിച്ചത്. റഫാൽ ഇടപാടിനെതിരായി നൽകിയ ഹർജിയിൽ സുപ്രീംകോടതിയുടെ നിലവിലെ വിധി വസ്തുതകളെ അടിസ്ഥാനപ്പെടുത്തിയാണെന്നും അടിസ്ഥാനരഹിതമായ ചില മാധ്യമറിപ്പോർട്ടുകളുടെ മാത്രം അടിസ്ഥാനത്തിൽ വിധി പുനഃപരിശോധിക്കരുതെന്നുമാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്.

പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുമായി ബന്ധപ്പെട്ട് രഹസ്യചർച്ച നടത്തിയിട്ടില്ല. കരാറുമായി ബന്ധപ്പെട്ടുള്ള പുരോഗതി നിരീക്ഷിക്കുക മാത്രമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ചെയ്തതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. കരാറിന്‍റെ പുരോഗതി നിരീക്ഷിച്ചതിനെ സമാന്തര ചർച്ചയായി കാണാനാകില്ല.

ഈ കേസിൽ എന്തെങ്കിലും അന്വേഷണം നടന്നാൽ അന്വേഷണ ഏജൻസികൾക്ക് ഇതുമായി ബന്ധപ്പെട്ട രേഖകൾ കൈമാറേണ്ടി വരും. ഇത് രേഖകളുടെ രഹസ്യ സ്വഭാവം ഇല്ലാതാക്കും. റഫാൽ വിമാനങ്ങളുടെ വില, വാങ്ങിയ വില ഇതൊന്നും വെളിപ്പെടുത്താനാകില്ല. ഇതും കരാറിന്‍റെ രഹസ്യസ്വഭാവം ഇല്ലാതാക്കുന്നതാണ്. 

മാധ്യമങ്ങളിൽ പുറത്തുവന്ന വാർത്തകൾ പ്രതിരോധമന്ത്രാലയത്തിന്‍റെ ആഭ്യന്തര രേഖകൾ മാത്രമാണ്, രഹസ്യരേഖകളല്ല. അതിൽ വിവാദം ആരോപിക്കേണ്ട കാര്യമില്ല. ഒരു കരാർ രൂപീകരിക്കുമ്പോഴുള്ള സ്വാഭാവികമായ ആശയവിനിമയം മാത്രമേ ഇവിടെയുമുണ്ടായിട്ടുള്ളൂ എന്നും കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.