പാലാരിവട്ടം മേല്‍പ്പാലത്തിന്റെ രൂപരേഖ മുതല്‍ നിര്‍മ്മാണം വരെ അഴിമതിയും ക്രമക്കേടും നടന്നു; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി ജി സുധാകരന്‍

single-img
4 May 2019

കൊച്ചി :ദേശീയ പാതയിൽ പാലാരിവട്ടം മേൽപ്പാലത്തിന്റെ നിർമ്മാണത്തിൽ കരാറുകാരെ സഹായിക്കാനുള്ള ശ്രമവും രൂപരേഖ മുതൽ പാലത്തിന്റെ നിർമ്മാണം വരെ അപാകത സംഭവിച്ചു എന്നും മന്ത്രി ജി സുധാകരൻ. കാര്യങ്ങൾ വ്യക്തമായതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണം നടത്താൻ മന്ത്രി ഉത്തരവിട്ടു.

ഉദ്ഘാടനശേഷം ഗതാഗതം ആരംഭിച്ച് മൂന്നു വർഷം തികയും മുമ്പേ പാലം അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തേണ്ടിവന്നതിനെതിരെ വ്യാപകമായ ആക്ഷേപം ഉയർന്ന പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലത്തിന്റെ നിർമ്മാണത്തിൽ അഴിമതിയും ക്രമക്കേടും നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താൻ ഉത്തരവിട്ടതെന്ന് അദ്ദേഹം പറഞ്ഞു.

മേൽപ്പാലത്തിന്റെ നിർമ്മാണച്ചുമതല വഹിച്ച റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപ്പറേഷനും കൺസൽട്ടന്റായിരുന്ന കിറ്റ്കോയും ക്രമക്കേടിന് ഉത്തരവാദികളാണെന്നും മന്ത്രി പറഞ്ഞു. ഇപ്പോൾ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണം രാഷ്ട്രീയ അന്വേഷണം ആയിരിക്കില്ല. നിലവിൽ പാലത്തിന്റെ അറ്റകുറ്റപ്പണിയല്ല നടക്കുന്നത്, മറിച്ച് പാലം പുനസ്ഥാപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.