മോദിക്ക് പറ്റിയത് വന്‍ അബദ്ധം: താമരയ്ക്ക് വോട്ട് ചെയ്യണമെന്നതിന് പകരം പറഞ്ഞത് കപ്പ് പ്ലേറ്റ് അടയാളത്തില്‍ വോട്ട് രേഖപ്പെടുത്തണമെന്ന്

single-img
4 May 2019

യു.പിയിലെ പ്രതാപ്ഗറില്‍ സംഘടിപ്പിച്ച റാലിയ്ക്കിടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വന്‍ അബദ്ധം പറ്റിയത്. കോണ്‍ഗ്രസിനേയും എസ്.പിയേയും ബി.എസ്.പിയേയും കടന്നാക്രമിച്ചുകൊണ്ടായിരുന്നു മോദി പ്രസംഗം ആരംഭിച്ചത്. പ്രസംഗം അവസാനിപ്പിക്കുന്നതിന് മുന്‍പായി പ്രതാപ്ഗറിലെ ഓരോ വോട്ടര്‍മാരും കപ്പ് പ്ലേറ്റ് അടയാളത്തില്‍ വോട്ട് ചെയ്യണമെന്നായിരുന്നു മോദി പറഞ്ഞത്.

പ്രതാപ്ഗറില്‍ മത്സരിക്കുന്നത് ബി.ജെപിയുടെ സ്വന്തം സ്ഥാനാര്‍ത്ഥിയാണെന്ന് മറന്നുകൊണ്ടായിരുന്നു മോദി കപ്പ് പ്ലേറ്റ് അടയാളത്തില്‍ വോട്ട് ചോദിച്ചത്. ഇതോടെ വേദിയിലിരിക്കുന്ന നേതാക്കള്‍ മോദിയെ തിരുത്തുകയും സഖ്യകക്ഷികളല്ല ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ സംഘം ലാല്‍ ഗുപ്തയാണ് മത്സരിക്കുന്നതെന്ന് മോദിയോട് പറയുകയുമായിരുന്നു.

ഇതോടെ മോദി പറഞ്ഞത് തിരുത്തുകയും എല്ലാവരും താമര അടയാളത്തില്‍ വോട്ട് രേഖപ്പെടുത്തി ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രസംഗം നിര്‍ത്തുകയുമായിരുന്നു. സംഭവം എന്തായാലും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.