മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച ഡോ ഫസല്‍ ഗഫൂറിൻ്റെ നടപടി മറ്റാരോടും ആലോചിക്കാതെ; എംഇഎസിൻ്റെ കാസര്‍ഗോഡ് ഘടകം

single-img
4 May 2019

തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച നടപടിയെ എതിർത്ത് കീഴ്ഘടകം. സര്‍ക്കുലറിനെ എതിര്‍ത്ത് എംഇഎസിന്റെ കാസര്‍ഗോഡ്  ഘടകമാണ് രംഗത്തെത്തിയിരിക്കുന്നത്.

മുസ്ലിം മതാചാര പ്രകാരമുള്ള വസ്ത്രധാരണത്തെ കുറിച്ച് എംഇഎസ് പ്രസിഡന്റ് ഡോ ഫസല്‍ ഗഫൂര്‍ നടത്തിയ അഭിപ്രായപ്രകടനം ശരിയായില്ലെന്ന് എംഇഎസിന്റെ കാസർഗോഡ് ജില്ലാ ഘടകം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ എ ഹമീദ്ഹാജി എന്നീവരും പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്.

എംഇഎസ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലിം വിദ്യാര്‍ത്ഥിനികളുടെ മുഖാവരണം നിരോധിച്ച് കൊണ്ടുള്ള സര്‍ക്കുലര്‍ പ്രസിഡന്റിന്റെ മാത്രം സൃഷ്ടിയാണെന്നും എംഇഎസിന്റെ ഔദ്യോഗിക നിലപാടല്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

നയപരമായ തീരുമാനമാകണമെങ്കില്‍ അത് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യണമായിരുന്നു. എന്നാല്‍ മാര്‍ച്ച് 30ന് കുറ്റിപ്പുറം എംഇഎസ് എഞ്ചിനീയറിങ് കോളജില്‍ നടന്ന സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗത്തിലോ ഏപ്രില്‍ എട്ടിന് പെരിന്തല്‍മണ്ണ മെഡിക്കല്‍ കോളജില്‍ നടന്ന എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലോ ഇത്തരത്തിലുള്ള ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. എംഇഎസ് പ്രസിഡന്റിന്റെ വ്യക്തിപരമായ നിലപാട് സ്ഥാപനങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അവർ പറഞ്ഞു.