പൂനെയിലെ യേര്‍വാഡ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളിയെ മോചിപ്പിക്കണം; ആവശ്യവുമായി ബ്രസീലില്‍ ബ്രസീലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രകടനം

single-img
4 May 2019

കഴിഞ്ഞ മൂന്നര വര്‍ഷത്തോളമായി പൂനെയിലെ യേര്‍വാഡ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളിയെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ബ്രസീലിൽ ബ്രസീലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രതിഷേധ പ്രകടനം. കഴിഞ്ഞ വര്ഷം ഫെബ്രുവരിയിൽ ബോംബെ ഹൈക്കോടതിഇദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നെങ്കിലും എതിര്‍പ്പുമായി പ്രോസിക്യൂഷന്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

അസുഖബാധിതനായ മുരളിയ്ക്ക് ചികിത്സയടക്കം നിഷേധിച്ച് വിചാരണ തടവിലിടുന്നതിനെതിരെ നേരത്തെ നോംചോംസ്‌കി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. കേരളത്തില്‍ ജസ്റ്റിസ് ഫോര്‍ മുരളി കൂട്ടായ്മ എറണാകുളം ഹൈക്കോടതി ജങ്ഷനില്‍ സംഘടിപ്പിച്ച കണ്‍വന്‍ഷനില്‍ സിപിഎം നേതാവ് എംഎം ലോറന്‍സടക്കം പങ്കെടുക്കുകയും ചെയ്തിരുന്നു.

രാജ്യദ്രോഹക്കുറ്റമായ യുഎപിഎ ചുമത്തി കഴിഞ്ഞ വര്‍ഷം മെയ് 8നാണ് മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ് മുരളി കണ്ണമ്പള്ളിയെ അറസ്റ്റ് ചെയ്യുന്നത്. ഹൃദയരോഗമുണ്ടായിരുന്ന ഇദ്ദേഹം ശസ്ത്രക്രിയക്ക് ശേഷം തുടര്‍ ചികിത്സ തേടി ആശുപത്രിയിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. പിന്നീട് ജയിലില്‍ അദ്ദേഹത്തിന് മതിയായ ചികിത്സ ലഭിച്ചിരുന്നില്ല.

അന്താരാഷ്ട്ര തലത്തില്‍ കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിനെ മാതൃകയാക്കി മാവോയിസ്റ്റുകള്‍ രൂപീകരിച്ച റെവല്യൂഷണറി ഇന്റര്‍നാഷണല്‍ മൂവ്‌മെന്റിന്റെ മുഖപത്രമായ “എ വേള്‍ഡ് ടു വിന്‍” എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായിരുന്നു മുരളി കണ്ണമ്പള്ളി. അജിത് എന്ന പേരില്‍ മാവോയിസ്റ്റ് വൃത്തങ്ങളില്‍ അറിയപ്പെടുന്ന ഇദ്ദേഹം ഭൂമി ജാതി ബന്ധനം എന്നതുള്‍പ്പടെയുള്ള നിരവധി പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിരുന്നു. ഏറണാകുളം ജില്ലയിലെ ഇരമ്പനം സ്വദേശിയായ മുരളി കണ്ണമ്പിള്ളി 1970 മുതല്‍ സിപിഐ എംഎല്‍ പ്രസ്ഥാനത്തിന്റെ നേതൃ നിരയില്‍ ഉണ്ടായിരുന്നു.