പിഴ അടയ്ക്കാത്ത ബസുകളുടെ പെർമിറ്റ് റദ്ദ് ചെയ്യും: കടുത്ത നടപടിയുമായി മോട്ടോർവാഹന വകുപ്പ്

single-img
4 May 2019

നിയമലംഘനത്തിനു പിഴ അടയ്ക്കാതെ അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് സസ്പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചു.

കേരളത്തിലേക്കു സര്‍വീസ് നടത്തുന്ന മിക്ക അന്തര്‍സംസ്ഥാന ബസുകളും അരുണാചല്‍ പ്രദേശ് പോലെയുള്ള മറ്റു സംസ്ഥാനങ്ങളിലാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ കോണ്‍ട്രാക്ട് ക്യാരേജായി റജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ നിയമവിരുദ്ധമായി സ്റ്റേജ് ക്യാരേജ് വാഹനങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്.

അമിത വേഗത്തിനു 205 കേസുകളില്‍ പിഴ അടയ്ക്കാനുള്ള ബസുകളെപ്പോലും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ബസുകള്‍ക്കു പെര്‍മിറ്റ് നല്‍കിയ സംസ്ഥാനത്തിനാണ് റദ്ദു ചെയ്യാനുള്ള അവകാശവും. ഇതു പഴുതാക്കി ബസുകള്‍ നിയമലംഘനം തുടരുകയായിരുന്നു. അനധികൃതമായി പാഴ്സല്‍ സര്‍വീസ് നടത്തിയതിനും അമിത വേഗത്തിനും ഇവര്‍ക്കു നോട്ടീസ് നല്‍കാറുണ്ടെങ്കിലും പിഴ അടയ്ക്കാറില്ല.

നടപടി നേരിടേണ്ട ഘട്ടമെത്തിയാല്‍ റജിസ്ട്രേഷന്‍ മറ്റൊരു സംസ്ഥാനത്തേക്കു മാറ്റി നിയമനടപടികളില്‍നിന്നു രക്ഷപ്പെടുന്ന സംഭവങ്ങളുമുണ്ടായി. ഇതിനെയെല്ലാം തടയുക എന്ന ഉദ്ദേശ്യത്തോടെയാണ് ബസുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തശേഷം, റജിസ്ട്രേഷന്‍ നടത്തിയ സംസ്ഥാനത്തെ സര്‍ക്കാരിനെ രേഖാമൂലം വിവരം അറിയിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ആവശ്യപ്പെടുന്നതിനാല്‍ അരുണാചല്‍ പോലുള്ള സംസ്ഥാനങ്ങള്‍ നടപടി എടുക്കാന്‍ നിര്‍ബന്ധിതരാകുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രതീക്ഷ. 
നിയമ ലംഘനം നടത്തുന്ന ബസുകളുടെ പെര്‍മിറ്റ് രേഖകള്‍ പിടിച്ചെടുത്തു പിഴ അടയ്ക്കാന്‍ നോട്ടിസ് നല്‍കും. അവരുടെ വിശദീകരണം കേള്‍ക്കും. പിഴ അടയ്ക്കാന്‍ തയാറാവാത്ത ബസുകളുടെ പെര്‍മിറ്റ് സസ്പെന്‍ഡ് ചെയ്തശേഷം വിവരം അതതു സംസ്ഥാനങ്ങളെ അറിയിക്കും.