‘രാഹുല്‍ ദ്രാവിഡിനെ അസഭ്യം പറഞ്ഞു’; ശ്രീശാന്തിന് വീണ്ടും കുരുക്ക്

single-img
4 May 2019

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് തന്നെയും രാഹുല്‍ ദ്രാവിഡിനെയും ചീത്ത വിളിച്ചിട്ടുണ്ടെന്ന് രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍ പരിശീലകന്‍ പാഡി അപ്ടണ്‍. ഈയിടെ പുറത്തിറങ്ങിയ ‘ദ് ബെയര്‍ഫൂട്ട് കോച്ച്’ എന്ന പുസ്തകത്തിലാണ് അപ്ടണ്‍ പഴയ സംഭവം ഓര്‍മിക്കുന്നത്.

സംഭവം ഇങ്ങനെ: 2013ല്‍ രാജസ്ഥാന്‍ റോയല്‍സ് മുഖ്യപരിശീലകനായി അപ്ടണ്‍ നിയമിതനായി. ഐ.പി.എല്‍ മത്സരങ്ങള്‍ക്കിടെ ഒരുതവണ പുറത്തിരുത്തേണ്ടിവന്നതിനാണ് ശ്രീശാന്ത് പൊട്ടിത്തെറിക്കുന്നതും നായകന്‍ ദ്രാവിഡിനെയും കോച്ചിനെയും അസഭ്യം പറയുന്നതും.

മോശം പെരുമാറ്റത്തിനാണ് ആ കളിയില്‍ ശ്രീശാന്തിനെ പുറത്തിരുത്തിയതെന്ന് അപ്ടണ്‍ പറയുന്നു. ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് അറസ്റ്റിന് 24 മണിക്കൂര്‍ മുമ്പ് നാട്ടിലേക്ക് മടങ്ങാന്‍ മലയാളി താരത്തോട് പറഞ്ഞിരുന്നതായും പുസ്തകത്തിലുണ്ട്.

2008 മുതല്‍ ഗാരി കേഴ്സ്റ്റനു കീഴില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മെന്റല്‍ കണ്ടീഷനിങ് കോച്ചായിരുന്നു പാഡി അപ്ടന്‍. 2011ല്‍ ഇന്ത്യ ലോകകപ്പ് നേടുന്നതില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം നിര്‍ണായകമായി. പിന്നാലെ, 2011 മുതല്‍ 2014 വരെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ ഹൈ പെര്‍ഫോമന്‍സ് ഡയറക്ടറായി. ഇതിനിടയിലായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനായി പ്രവര്‍ത്തിച്ചത്.