യൂണിവേഴ്‌സിറ്റി കോളേജ് ക്യാമ്പസില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിക്കു പരാതിയില്ലെന്നു പൊലീസ്

single-img
4 May 2019

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കേസില്‍ നിന്ന് പിന്‍വാങ്ങുന്നതായി സൂചന. കേസില്‍ നിന്ന് എങ്ങനെയെങ്കിലും ഒഴിവാക്കിത്തരണമെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. ആത്മഹത്യാകുറിപ്പില്‍ എസ്.എഫ്.ഐ നേതാക്കളുടെ പേര് പരാമര്‍ശിച്ചിരുന്നുവെങ്കിലും പൊലീസിന് നല്‍കിയ മൊഴിയില്‍ ആരുടെ പേരും പറഞ്ഞില്ല.

ആത്മഹത്യക്കു ശ്രമിച്ചത് മാനസികസമ്മര്‍ദം മൂലമാണെന്നും പെണ്‍കുട്ടി മൊഴി നല്‍കി. സമരം മൂലം ക്ലാസ് മുടങ്ങിയതില്‍ വിഷമമുണ്ടായിരുന്നുവെന്നും പെണ്‍കുട്ടി വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു.

അതേസമയം, യൂണിയന്‍ പരിപാടികളും സമരങ്ങളും കാരണം പഠന ദിവസങ്ങള്‍ നഷ്ടപ്പെടുന്നുവെന്ന പരാതി സമൂഹിക മാധ്യമങ്ങളിലൂടെ പെണ്‍കുട്ടി മുമ്പ് ഉന്നയിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഏതാനും വിദ്യാര്‍ഥി നേതാക്കളുടെ പേരും കുറിപ്പില്‍ പരമാര്‍ശിക്കുന്നുണ്ടെന്നാണ് സൂചന.

ക്ലാസുള്ള ദിവസങ്ങളില്‍ അധ്യാപകര്‍ കൃത്യമായി ക്ലാസെടുക്കാന്‍ എത്താറില്ല. പാഠഭാഗങ്ങള്‍ പഠിപ്പിച്ച് പൂര്‍ത്തിയാക്കാത്തതിനാല്‍ പഠനത്തെ ബാധിക്കുന്നു. ക്ലാസുകളില്ലാത്തതിനാല്‍ ഇന്റേണല്‍ മാര്‍ക്കില്‍ കുറവുണ്ടാകുന്നു തുടങ്ങിയ ആരോപണങ്ങളാണ് കുറിപ്പിലുളളതെന്ന് പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ചയാണ് വിദ്യാര്‍ഥിനിയെ കൈഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം വിവാദമായതോടെ ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി കെ ടി ജലീല്‍ ഉന്നതവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയിരുന്നു.

ചൊവ്വാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കോളേജ് പ്രിന്‍സിപ്പലില്‍നിന്നാണ് റിപ്പോര്‍ട്ട് തേടുന്നത്. പെണ്‍കുട്ടി ആത്മഹത്യാശ്രമം നടത്തിയതിനെത്തുടര്‍ന്ന് കെഎസ്‌യുവിന്റെ നേതൃത്വത്തില്‍ കമ്മിഷണര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. കോളജ് വിദ്യാഭ്യാസ ഡയറക്ടറും കോളജ് പ്രിന്‍സിപ്പലും അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.