കൊച്ചിയില്‍ യുവതിയുടെ നഗ്‌നഫോട്ടോകള്‍ പ്രചരിച്ച സംഭവത്തില്‍ 22 കാരന്‍ അറസ്റ്റില്‍

single-img
3 May 2019

കൊച്ചി: പെണ്‍കുട്ടിയുടെ ബിക്കിനി വേഷങ്ങള്‍ വ്യാജമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് അപമാനിക്കാനും സ്വഭാവദൂഷ്യം ആരോപിച്ച് അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. കോഴിക്കോട് കരവാന്‍തുരുത്തി സ്വദേശിയും ഫറൂഖില്‍ വടക്കുപ്പാടം കണ്ടാട്ടില്‍ അപ്പാര്‍ട്ടുമെന്റില്‍ താമസക്കാരനുമായ മുഹമ്മദ് സഫ്വാനെയാണ് (22) പോലീസ് അറസ്റ്റ് ചെയ്തത്.

സഫ്‌വാന്‍ ബെംഗളൂരുവില്‍ പഠിക്കുന്ന കാലത്തു പരിചയപ്പെട്ട പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ ചിത്രങ്ങളാണ് അവര്‍ അറിയാതെ ഇയാള്‍ കൈവശപ്പെടുത്തി ദുരുപയോഗിച്ചത്. മറ്റൊരു പെണ്‍കുട്ടിയുടെ നഗ്‌ന ഫോട്ടോയും പ്രചരിപ്പിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്.

പ്രതിയുടെ ഫോണ്‍ നമ്പര്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ പിന്‍തുടര്‍ന്നാണ് ഇപ്പോള്‍ താമസിക്കുന്ന ഫറൂക്കിലെ വടക്കുപ്പാടം പോസ്റ്റ് ഓഫീസിനു സമീപത്തെ കണ്ടാട്ടില്‍ അപ്പാര്‍ട്‌മെന്റില്‍ നിന്നു നിഴല്‍ പൊലീസ് പിടികൂടിയത്.

പെണ്‍കുട്ടിയുമായി സൗഹൃദം തകര്‍ന്നപ്പോള്‍ തനിക്ക് പക തോന്നിയെന്നും ഇതിനെ തുടര്‍ന്നാണ് ഫോട്ടോകള്‍ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതെന്നും ഇയാള്‍ പോലീസിനോട് സമ്മതിച്ചു. പെണ്‍കുട്ടിയുടെ പരാതിയില്‍ പാലാരിവട്ടം പോലീസാണ് പ്രതിയെ കുടുക്കിയത്.

കേസില്‍ ഇയാള്‍ക്കു ജാമ്യം ലഭിച്ചു. ബന്ധുവിന് പെണ്‍കുട്ടി അയച്ചുകൊടുത്ത ബിക്കിനി ധരിച്ച ചിത്രം കൈക്കലാക്കി ഇന്‍സ്റ്റാഗ്രാമില്‍ ഇയാള്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി മോശക്കാരിയാണെന്നു കാണിച്ച് സഫ്വാന്‍ സുഹൃത്തുകള്‍ക്ക് സ്ഥിരമായി സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.