അസീസും ഷിബു ബേബി ജോണും എൽഡിഎഫിലേക്ക്; ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപ് ഇടതുമുന്നണിയിലേക്ക് പോകാനുള്ള ആർഎസ്പി നീക്കം പൊളിച്ചത് പ്രേമചന്ദ്രനെന്നു സൂചന

single-img
3 May 2019

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ഫലപ്രഖ്യാപനം വന്നു കഴിഞ്ഞാൽ ഉടൻ ആർഎസ്പി നേതൃത്വത്തിലെ പ്രമുഖർ എൽഡിഎഫിൽ എത്തുമെന്ന് സൂചന. ആർഎസ്പി നേതൃനിരയിലെ പ്രമുഖരായ അസീസും ഷിബു ബേബി ജോണും ഉൾപ്പെടെയുള്ളവർ എൽഡിഎഫിൽ എത്തുമെന്നാണ് ന്യൂസ് 24 റിപ്പോർട്ട് ചെയ്തിരിക്കുന്നത് . ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് എൽഡിഎഫിലേക്ക് ആർഎസ്പി എത്തുവാൻ നീക്കം നടത്തിയിരുന്നു എന്നും എന്നാൽ അന്ന് അത് പൊളിച്ചത് പ്രേമചന്ദ്രൻ ആയിരുന്നുവെന്നും സൂചനകളുണ്ട്.

ഫലം എന്തു തന്നെയായാലും ആർ എസ് പിയിൽ പൊട്ടിത്തെറികൾ ഉറപ്പെന്നാണ് സൂചനകൾ. കൊല്ലത്ത് മുപ്പതിനായിരത്തോളം വോട്ടിന് പ്രേമചന്ദ്രൻ പരാജയപ്പെടും എന്ന് ആർ എസ് പി രഹസ്യമായി വിലയിരുത്തി എന്നാണ് 24 കേരളയ്ക്ക് ലഭിച്ച വിവരം. പ്രേമചന്ദ്രനെതിരെ കടുത്ത രോഷമാണ് പാർട്ടി പ്രവർത്തകർക്കുള്ളത്. ബിജെപിയുമായുള്ള പരസ്യ ബാന്ധവം കാരണം ന്യൂനപക്ഷ വോട്ടുകൾ പൂർണ്ണമായും എൽ ഡി എഫിലേക്ക് പോയി എന്ന കണക്കുകൂട്ടൽ പല ആർ എസ് പി നേതാക്കളും പങ്കു വയ്ക്കുന്നു.

ഇടതുമുന്നണിയിലേക്ക് ആർ എസ് പി തിരിച്ചു പോകണം എന്ന അഭിപ്രായം ആണ് അസീസും ഷിബു ബേബി ജോണും ഉൾപ്പെടെ യുള്ള നേതാക്കൾക്ക് ഉള്ളത്. തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ഷിബു ബേബി ജോണും സിപിഐഎം നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഷിബു ബേബി ജോണും പിണറായി വിജയനും തമ്മിലുള്ള നല്ല ബന്ധത്തിൽ പ്രേമചന്ദ്രൻ പണ്ടു മുതലേ അസ്വസ്ഥനുമാണ്. ചവറയിൽ നടന്ന നൈപുണ്യ വികസന കേന്ദ്രത്തിന്റെ ഉത്ഘാടനത്തിൽ ഷിബു ബേബി ജോണിന്റെ ഭരണ മികവിനെ പിണറായി വാഴ്ത്തിയതും ഷിബു മുഖ്യമന്ത്രിയുടെ നല്ല മനസിന് നന്ദി പറഞ്ഞതും വാർത്തയായിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപ് ഇടതുമുന്നണിയിലേക്ക് തിരികെ പോകണമെന്നൊരു മോഹം ഷിബുവിനുണ്ടായിരുന്നു. പ്രേമചന്ദ്രനാണ് അത് പൊളിച്ചത്. ഇത്തവണ യു ഡി എഫിന്റെ ഭാഗമായി മത്സരിച്ചു ജയിച്ചാൽ ഒരു കേന്ദ്ര സഹമന്ത്രി സ്ഥാനം ഒപ്പിച്ചെടുക്കാമെന്നും അപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം പോലെ കോൺഗ്രസിലോ ബിജെപിയിലോ ചേരാമെന്നുള്ള ലക്ഷ്യം പ്രേമചന്ദ്രനുണ്ട്. ആർ എസ് പിയെ ഇടതുപാളയത്തിലെത്തിക്കാനുള്ള ഷിബുവിന്റെ നീക്കം പ്രേമൻ പൊളിച്ചത് ഇക്കാരണത്താലാണ്.

പ്രേമന്റെ സ്വഭാവം നന്നായറിയാവുന്ന ഷിബു ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രേമന് പാര പണിഞ്ഞു എന്നത് പരസ്യമായ രഹസ്യമാണന്നും ന്യൂസ് 24 റിപ്പോർട്ട് ചെയ്യുന്നു.  ഷിബുവിന്റെ അനുയായികളിൽ പലരും പ്രേമനെതിരെ പ്രവർത്തിച്ചിട്ടുണ്ട്. വളരെയേറെ പേർ നിഷ്ക്രിയരുമായിരുന്നു. ചവറയിൽ കോൺഗ്രസിൽ നിന്ന് പ്രേമനെതിരെ ഉണ്ടായ നീക്കങ്ങൾക്കും ഷിബുവിന്റെ മൗനാനുവാദം ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.