രാഹുൽഗാന്ധിയുടെ അച്ഛനും അമ്മയ്ക്കും പറയാൻ സാധിക്കാത്ത ഒരുപാട് കഥകൾ എനിക്ക് പറയാനുണ്ട്: കുഞ്ഞുരാഹുലിനെ ഏറ്റുവാങ്ങിയ വയനാട്ടുകാരിയായ നഴ്‌സ് രാജമ്മ

single-img
3 May 2019

രാഹുൽഗാന്ധിയെ കണ്ട് സംസാരിക്കണമെന്ന ആഗ്രഹം പങ്കുവച്ച് കുഞ്ഞുരാഹുലിനെ ഏറ്റുവാങ്ങിയ വയനാട്ടുകാരിയായ നഴ്‌സ് രാജമ്മ. അവന്റെ അച്ഛനും അമ്മയ്ക്കും പറയാൻ സാധിക്കാത്ത ഒരുപാട് കഥകൾ എനിക്ക് പറയാനുണ്ടെന്നും രാജമ്മ പറഞ്ഞു.

‘രാഹുൽ എന്റെ കൊച്ചുമകനാണ്, അങ്ങനെ കാണാനാണ് എനിക്കിഷ്ടം. രാഹുൽ വയനാട്ടിൽ മത്സരിക്കാൻ എത്തുന്നുണ്ടെന്നറിഞ്ഞപ്പോൾമുതൽ ഏറെ ആഹ്ലാദത്തിലായിരുന്നു ഞാൻ. നേരിൽക്കാണാൻ ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. ആ സമയത്ത് വിദേശത്തായിരുന്നതിനാൽ കഴിഞ്ഞില്ല. രാഹുലിനെ ഒരുതവണയെങ്കിലും നേരിൽ കാണണം. അവന്റെ അച്ഛനും അമ്മയ്ക്കും പറയാൻ സാധിക്കാത്ത ഒരുപാട് കഥകൾ എനിക്ക് പറയാനുണ്ട്’ -രാജമ്മ പറയുന്നു.

രാജമ്മയുടെ ഈ ആഗ്രഹം പൂവണിയാൻ വഴിയൊരുങ്ങുന്നു. രാഹുലിനും ഇതേ ആഗ്രഹമുണ്ടാകാമെന്ന് സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയുടെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. രാജമ്മയുമായി സംസാരിക്കാനും കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാനും രാഹുലും വളരെ ആഗ്രഹിക്കുന്നുണ്ടാകുമെന്ന് കഴിഞ്ഞദിവസമാണ് പ്രിയങ്ക പോസ്റ്റുചെയ്യത്.

ഡൽഹിയിലെ ഹോളിഫാമിലി ആശുപത്രിയിൽ നഴ്‌സായി ജോലിചെയ്യുമ്പോഴായിരുന്നു രാഹുലിന്റെ ജനനം. 1970 ജൂൺ 19-ന് ഉച്ചതിരിഞ്ഞായിരുന്നു രാഹുൽ ജനിച്ചത്. ‘പ്രധാനമന്ത്രിയുടെ പേരക്കുട്ടിയുടെ ജനനത്തിൽ എല്ലാവരും ആഹ്ലാദത്തിലായിരുന്നു. ആ ചോരക്കുഞ്ഞിനെ ഒരുപാടുതവണ കൈകളിലെടുക്കാൻ ഭാഗ്യമുണ്ടായി. അവനൊരു സുന്ദരക്കുട്ടപ്പനായിരുന്നു. പ്രശസ്തനായ ഡോ. ഗയ് ആയിരുന്നു ഗൈനക്കോളജിസ്റ്റ്. അദ്ദേഹമാണ് സോണിയാഗാന്ധിയെ ചികിത്സിച്ചിരുന്നതെന്നും രാജമ്മ വ്യക്തമാക്കി. .

‘രാജീവ് ഗാന്ധിയും സഹോദരൻ സഞ്ജയ് ഗാന്ധിയും ലോബർറൂമിന് പുറത്തുണ്ടായിരുന്നു. ലേബർറൂമിൽ പ്രവേശിക്കാൻ അനുമതിയുണ്ടായിട്ടും അവർ പുറത്ത്‌ കാത്തുനിന്നു. രണ്ടുദിവസം കഴിഞ്ഞാണ് അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി രാഹുലിനെ കാണാനെത്തിയത്’ -ആ കാഴ്ചകളൊന്നും രാജമ്മയുടെ കണ്ണിൽനിന്ന്‌ മാഞ്ഞിട്ടില്ലെന്നും രാജമ്മ പറഞ്ഞു.