മലയാള സിനിമയില്‍ അന്നുണ്ടായ മോശം അനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞ് നിത്യ മേനോന്‍

single-img
3 May 2019

ഷൂട്ടിങ് സെറ്റില്‍ നിര്‍മാതാക്കളെ കാണാന്‍ തയ്യാറായില്ലെന്ന ആരോപണത്തെക്കുറിച്ചും വിലക്കിനെക്കുറിച്ചും മനസ്സുതുറന്ന് നടി നിത്യ മേനോന്‍. കൈരളി ടിവിയുടെ ജെബി ജങ്ഷനിലായിരുന്നു നിത്യ മനസ് തുറന്നത്.

നിത്യ മേനോന്റെ വാക്കുകള്‍:

അന്നത്തെ വിലക്ക് തന്റെ വൈകാരികമായുള്ള അവസ്ഥ മനസിലാക്കാതെയുള്ള ഒരാളുടെ ഈഗോ തീര്‍ക്കല്‍ മാത്രമായിരുന്നുവെന്ന് നിത്യ പറയുന്നു. എന്നാല്‍ അത് തന്നെ ബാധിച്ചില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അമ്മയ്ക്ക് കാന്‍സര്‍ ബാധിച്ച സമയത്തെ തന്റെ അവസ്ഥയും ഷൂട്ടിങ്ങിന്റെ സാഹചര്യവുമടക്കമുള്ള സംഭവങ്ങളായിരുന്നു അത്തരമൊരു കാര്യങ്ങളിലേക്ക് നയിച്ചതെന്നും അവര്‍ പറഞ്ഞു.

മലായാള സിനിമയില്‍ നിന്ന് പ്ലാന്‍ ചെയ്ത് മാറി നിന്നതൊന്നുമായിരുന്നില്ല. എന്റെ ആദ്യ തെലുങ്ക് ചിത്രം സൂപ്പര്‍ ഹിറ്റായതോടെ കുറച്ചധികം സിനിമകള്‍ അവിടെ ചെയ്യാന്‍ അവസരം കിട്ടി. പിന്നെ എല്ലാ ഭാഷകളിലും അഭിനയിക്കുമ്പോള്‍ ഓരോ ചിത്രങ്ങളൊക്കെയേ ചെയ്യാന്‍ സാധിക്കൂ. അത്തരത്തില്‍ മലയാളത്തിലും ചെയ്തിട്ടുണ്ട്.

പ്രൊഡ്യൂസര്‍മാര്‍ അന്ന് ലൊക്കേഷനില്‍ വരുന്ന സമയത്ത് എന്റെ അമ്മയക്ക് കാന്‍സര്‍ ആയിരുന്നു. എന്നിട്ടും അഭിനയിക്കാനായി ഞാന്‍ വരാറുണ്ടായിരുന്നു. രാജീവ് സാറിന്റെ സിനിമയായിരുന്നു അത്. എന്റെ വ്യക്തിപരമായ കാരണം കൊണ്ട് സിനിമയ്ക്ക് നഷ്ടം വരുന്ന തരത്തില്‍ ഒന്നും ഞാന്‍ ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെയാണ് ആ ഷൂട്ട് ഞാന്‍ പൂര്‍ത്തിയാക്കിയത്.

എന്നാലും അമ്മയ്ക്ക് അത് തേര്‍ഡ് സ്റ്റേജായിരുന്നു. ഷൂട്ടിനിടയിലും കഴിഞ്ഞും റൂമിലെത്തി ഞാന്‍ കരയുമായിരുന്നു. വീണ്ടും ഷൂട്ടിങ് സമയമാകുമ്പോള്‍ അത് ചെയ്യും. നമ്മള്‍ എല്ലാവരും മനുഷ്യരാണല്ലോ നമുക്ക് ബുദ്ധിമുട്ടുകളും കാര്യങ്ങളുമുണ്ട്. റൂമിലിരുന്ന് മാതാവിന്റെ ചിത്രം നോക്കി പ്രാര്‍ത്ഥിച്ചത് ഓര്‍ക്കുന്നുണ്ട്. അമ്മയ്ക്ക് സുഖമാകണമെന്നായിരുന്നു പ്രാര്‍ത്ഥന.

അന്ന് ബാല്‍ക്കണിയില്‍ നിന്ന് പുറത്ത് ചാടാന്‍ തോന്നിയിട്ടുണ്ട്. എല്ലാത്തിനും ഒപ്പം മൈഗ്രെയിന്‍ വരുമ്പോഴുള്ള അവസ്ഥ അതായിരുന്നു. ആരാണ് വലിയ ഫെയ്മസായിട്ടുള്ള ആളെന്നും അവരെ അറിഞ്ഞിരിക്കണമെന്ന തിരിച്ചറിവുള്ള സമയമൊന്നുമായിരുന്നില്ല എനിക്കത്.

അതിനിടയില്‍ വന്ന ആളോട് തനിക്ക് ഇപ്പോ കാണാന്‍ കഴിയില്ല പിന്നീട് എപ്പോഴെങ്കിലും കാണാമെന്ന് താന്‍ പറഞ്ഞു. അത് ഒരു കലാകാരനെന്ന നിലയില്‍ അദ്ദേഹം മനസിലാക്കേണ്ടതായിരുന്നു. അതായിരുന്നു കാരണം. അവര്‍ക്ക് ഈഗോ വന്നതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് എനിക്ക് തോന്നുന്നു.

എന്റ അടുത്ത് സംസാരിച്ചില്ലെങ്കില്‍ മലയാളത്തില്‍ നിന്ന് ബാന്‍ ചെയ്യുമെന്ന് പറയുന്നത് വളരെ മോശം കാര്യമാണ്. പിന്നീട് എല്ലാ വര്‍ഷവും നിരവധി താരങ്ങള്‍ക്ക് ഇങ്ങനെ സംഭവിക്കുന്നത് കണ്ടപ്പോ ഇതൊന്നും കാര്യമില്ലെന്ന് മനസിലായി. ബാന്‍ വന്ന സമയത്ത് താന്‍ ആലോചിച്ചിരുന്നു. പിന്നീട് അതിലേക്ക് പോയി വീണ്ടും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കണമെന്ന് തനിക്കില്ലായിരുന്നു. അതുകൊണ്ടാണ് മാറിനിന്നതെന്നും നിത്യ പറഞ്ഞു.