കുമ്മനത്തിനെ കാണുവാൻ സ്വാമി എത്തിയത് ഐജിയുടെ ഔദ്യോഗിക വാഹനത്തിൽ; അന്വേഷണം ആരംഭിച്ചു

single-img
3 May 2019

തിരുവനന്തപുരം ലോക്സഭ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർത്ഥി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനെ സന്ദർശിക്കുവാൻ ശ്രീകൃഷ്ണസ്വാമി എത്തിയത് ഐജിയുടെ വാഹനത്തിൽ. കുമ്മനം രാജശേഖരൻ്റെ  വസതിക്കു മുന്നിൽ നടന്ന സ്വകാര്യ പരിപാടിയിൽ പങ്കെടുക്കുവാൻ ആണ് ഐജിയുടെ ഔദ്യോഗികവാഹനത്തിൽ സ്വാമി എത്തിയത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.

ഇതുസംബന്ധിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണമാരംഭിച്ചു. പോലീസ് ആസ്ഥാനത്തെ ഐ.ജി. ദിനേന്ദ്ര കശ്യപിന്റെ ഔദ്യോഗികവാഹനത്തിലാണ് പയ്യന്നൂർ മഠത്തിലെ ശ്രീകൃഷ്ണാനന്ദസ്വാമി കരമനയിലെ കുമ്മനം രാജശേഖരന്റെ വീടിനു മുന്നിൽ നടന്ന പരിപാടിയിലേക്ക് എത്തിയത്. തിരഞ്ഞെടുപ്പു പ്രചാരണ സമയത്ത് അദ്ദേഹത്തിനു ലഭിച്ച ഷോളുകളും പ്രചാരണത്തിനുപയോഗിച്ച മറ്റു വസ്തുക്കളും മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതിന്റെ ചടങ്ങായിരുന്നു അവിടെ നടന്നത്.

ഐ.ജി.യുടെ ഔദ്യോഗിക കാറിൽ സ്വാമി എത്തിയത് വിവാദമായതിനു പിന്നാലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും ഇതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. ദിനേന്ദ്ര കശ്യപിന്റെ വീട്ടിൽ സന്ദർശനം നടത്തിയ സ്വാമിയെ റെയിൽവേ സ്റ്റേഷനിലേക്ക് എത്തിക്കുന്ന വഴിയാണ്‌ അദ്ദേഹം കരമനയിൽ കുമ്മനം രാജശേഖരനെ കാണാൻ ഇറങ്ങിയതെന്നാണ് പോലീസിൽനിന്നുള്ള വിശദീകരണം.

ഈ സമയത്ത് ഐ.ജി. ഒപ്പമുണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞു. സംഭവം വിവാദമായതോടെ ഇതുസംബന്ധിച്ച വിവരങ്ങൾ ഔദ്യോഗികമായി ശേഖരിച്ചിട്ടുണ്ടെന്നാണ് സൂചന.