ബുർഖ നിരോധിക്കുന്നതിനൊപ്പം ഉത്തരേന്ത്യയിലുള്ള ഹിന്ദുക്കളുടെ ശിരോവസ്ത്രവും വിലക്കണമെന്ന് ജാവേദ് അക്തര്‍

single-img
3 May 2019

ബുർഖ നിരോധിച്ചാൽ ഉത്തരേന്ത്യയിലുള്ള ഘൂന്‍ഖട്ട് സമ്പ്രദായം കൂടി നിരോധിക്കണമെന്ന് പ്രശസ്ത കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍. രാജസ്ഥാനിലെ ഹിന്ദുവിശ്വാസികളായ സ്ത്രീകള്‍ മുഖം മറച്ച് നടക്കുന്ന ആചാരമാണ് ഘൂന്‍ഖട്ട്. ദേശസുരക്ഷയെക്കരുതി രാജ്യത്ത് മുഖാവരണം (ബുര്‍ഖ) നിരോധിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടിരുന്നു.

രാജ്യസുരക്ഷ മുന്‍നിര്‍ത്തി ബുര്‍ഖ നിരോധിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവന്നാല്‍ എനിക്ക് അതിനോട് എതിര്‍പ്പോ, വിയോജിപ്പോ ഇല്ല. എന്നാല്‍ രാജസ്ഥാനില്‍ നിലവിലുള്ള സമാനമായ ആചാരമായ ഘൂന്‍ഖട്ട് കൂടി നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ജാവേദ് അക്തര്‍ ആവശ്യപ്പെട്ടു.

രാജസ്ഥാനില്‍ അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ, അതിന് മുമ്പ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഘൂന്‍ഖട്ടും വേണ്ട, ബുര്‍ഖയും വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി?

ബുര്‍ഖയെക്കുറിച്ച് വളരെക്കുറച്ച് അറിവ് മാത്രമേ എനിക്കുള്ളൂ. എന്റെ വീട്ടിലെ സ്ത്രീകള്‍ ജോലി ചെയ്യുന്നവരാണ്. അവരാരും ബുര്‍ഖ ധരിക്കുന്നത് കണ്ടിട്ടില്ല. മതപരമായ ആചാരങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന രാജ്യമാണ് ഇറാഖ്. എന്നാല്‍ അവിടെ സ്ത്രീകള്‍ മുഖം മറയ്ക്കുന്നില്ലെന്ന് ജാവേദ് അക്തര്‍ വ്യക്തമാക്കി.