ഗൗതം ഗംഭീറിന്റെ പ്രചരണ പരിപാടിക്ക് ആളില്ല; ഒഴിഞ്ഞ കസേരകള്‍ കണ്ട് അന്തംവിട്ട് ബിജെപി നേതാക്കള്‍

single-img
3 May 2019

ഡല്‍ഹിയില്‍ ഗൗതം ഗംഭീറും മനോജ് തിവാരിയും ചേര്‍ന്നു സംഘടിപ്പിച്ച തിരഞ്ഞെടുപ്പു റാലിയില്‍ ആളില്ല. പ്രസംഗിക്കാനെത്തിയ രാജ്‌നാഥ്‌സിങ്ങിനു മുന്നില്‍ ചുരുക്കം ആളുകളാണ് ഉണ്ടായിരുന്നത്. ശേഷിച്ച കസേരകള്‍ ശൂന്യമായിരുന്നുവെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് സംസ്ഥാന ബിജെപി നേതാക്കള്‍ക്ക് വലിയ ക്ഷീണമായിട്ടുണ്ട്.

ക്രിക്കറ്റില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് ചുവട് മാറി ബിജെപിയില്‍ ചേര്‍ന്ന ഗൗതം ഗംഭീറിന് ഈസ്റ്റ് ഡല്‍ഹിയില്‍ സീറ്റ് നല്‍കിയത് വിജയം എന്ന ഒറ്റലക്ഷ്യം മുന്നില്‍ കണ്ടാണ്. ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങള്‍ക്ക് നിര്‍ണായകമായ സംഭാവന നല്‍കിയ ഗൗതം ഗംഭീര്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വിമര്‍ശകന്‍ എന്ന നിലയിലും രാഷ്ട്രീയത്തിലിറങ്ങും മുമ്പ് ശ്രദ്ധാകേന്ദ്രമായിരുന്നു.

അതിനാല്‍ ഗംഭീറിനെ ഇറക്കി മണ്ഡലം പിടിക്കാമെന്ന കണക്കുക്കൂട്ടലിലാണ് ബിജെപി. എന്നാല്‍, സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വിവാദപുരുഷനായി ഗംഭീര്‍ മാറി. ആദ്യം ഗൗതം ഗംഭീറിന് രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുകളുണ്ടെന്ന് ആരോപിച്ച് ആംആദ്മി പാര്‍ട്ടി പരാതി നല്‍കി. അതിന് പിന്നാലെ ഗൗതം ഗംഭീറിനെതിരെ കേസെടുക്കാന്‍ പൊലീസിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. കമ്മീഷന്റെ അനുവാദമില്ലാതെ രാഷ്ട്രീയ റാലി നടത്തിയതിനാണ് കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്.