കൺമുന്നിൽ മരങ്ങൾ മറിഞ്ഞു വീഴുന്നു; ഫാനി ഒഡീഷയിൽ സംഹാരതാണ്ഡവമാടുന്നു

single-img
3 May 2019

ഒഡീഷയിൽ രാവിലെ കര തൊട്ട ഫാനി ചുഴലിക്കാറ്റ് സർവ്വനാശം വിതയ്ക്കുകയാണ്. മണിക്കൂറില്‍ 200 കിമിക്ക് മുകളിൽ വേഗതയിലാണ് കാറ്റു വീശുന്നത്. ഫോനിയോട് അനുബന്ധിച്ച് ഒഡീഷ, ആന്ധ്ര തീരമേഖലകളില്‍ കനത്ത കാറ്റും മഴയും തുടരുകയാണ്. 15 സെന്റീമീറ്ററോളം മഴ രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.


കനത്ത മഴയില്‍ പുരിയില്‍ വെള്ളപ്പൊക്കം ഉണ്ടായി. ഒമ്പത് മീറ്റർ ഉയരത്തിൽ തിരമാലകൾ അടിക്കുന്നു. ഇതേത്തുടർന്ന് നിരവധി വീടുകൾ വെള്ളത്തിനടിയിലായി. ആന്ധ്രയിലെ ശ്രീകാകുളത്തും കനത്ത മഴയില്‍ നദികള്‍ കരകവിഞ്ഞു. ബഹുദാ നദി കരകവിഞ്ഞ് ഒഴുകുകയാണ്.

ചുഴലിക്കാറ്റില്‍ നിരവധി വീടുകള്‍ തകര്‍ന്നു. വന്‍ നാശനഷ്ടം ഉണ്ടായി. എന്നാല്‍ ആളപായമുണ്ടായിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഒഡീഷ തീരത്തും കാറ്റ് വന്‍ നാശം വിതക്കുകയാണ്. നിരവധി മരങ്ങള്‍ കടപുഴകി വീണു. റോഡ്, ട്രെയിന്‍ ഗതാഗതങ്ങള്‍ താറുമാറായി. ചുഴലിക്കാറ്റിനെ തുടര്‍ന്ന് 123 ട്രെയിനുകള്‍ റദ്ദാക്കി. ഭുവനേശ്വറില്‍ നിന്നുള്ള വിമാനസര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.

ഇതേസമയം അടുത്ത മൂന്നുമണിക്കൂറിനുള്ളില്‍ ഫോനി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞേക്കുമെന്നാണ് റിപ്പോർട്ടുകൾ.  വേഗത 150-160 കിലോമീറ്ററായി കുറഞ്ഞ് വടക്ക്- കിഴക്ക് ദിശയിലേക്ക് നീങ്ങുമെന്നും ഐ എം ഡി വെളിപ്പെടുത്തി.